Oddly News

ആമസോൺ പാഴ്സൽ തുറന്നപ്പോൾ കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ; വ‍ൈറലായി വീഡിയോ

ബെംഗളൂരു: ആമസോണില്‍ ഓണ്‍ലൈനില്‍ ഗെയിം കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ക്ക് കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ. ബെംഗളൂരിലെ ടെക്കികളായ ദമ്പതികളാണ് ആമസോണില്‍നിന്ന് എക്‌സ്‌ബോക്‌സ് ഗെയിം കൺട്രോളർ ഓർഡർ ചെയ്‌തത്. ഈ അസാധാരണ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ആമസോണ്‍ വ്യക്താക്കള്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധന നടത്തുമെന്നും തങ്ങളുടെ ടീം പരാതിക്കാരെ ബന്ധപ്പെടുമെന്നും കമ്പനി എക്സിലൂടെ പ്രതികരിച്ചു.

ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയതെന്ന് ഇവർ പറയുന്നു. പാക്കറ്റിന്റെ കവർ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ മൂർഖൻ പാമ്പുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടത്. വിഷപ്പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായില്ല. ഇതോടെ ദമ്പതികൾ ഫോണിൽ പാമ്പിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു.

‘‘ഞങ്ങൾ 2 ദിവസം മുമ്പാണ് ആമസോണിൽ നിന്ന് ഒരു എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തത്. പാക്കറ്റ് തുറന്നപ്പോൾ ജീവനുള്ള പാമ്പിനെയാണ് ഞങ്ങള്‍ കണ്ടത്. പാക്കറ്റിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടതോടെ എല്ലാം ഞങ്ങൾ ഫോണിലെ ക്യാമറയിൽ പകർത്തി. സംഭവത്തിന് ദൃക്‌സാക്ഷികളുമുണ്ട്. ഭാഗ്യവശാൽ, മൂർഖൻ പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അതുകൊണ്ട് അത് പുറത്ത് കടക്കുകയോ വീട്ടിലോ അപ്പാർട്ട്മെന്റിലോ ആരെയും കടിക്കുകയോ ചെയ്തിട്ടില്ല.’’ അവര്‍ പറഞ്ഞു.

ആമസോൺ പണം തിരികെ നല്‍കിയെങ്കിലും, തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്നാണ് ദമ്പതികള്‍ പറയുന്നത്. ഇത് പൂർണമായും ആമസോണിന്റെ അശ്രദ്ധയാണ്. വെയർ ഹൗസിന്റെ മേൽനോട്ടം ആമസോൺ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയിൽ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ദമ്പതികൾ ആരോപിച്ചു. പാമ്പിനെ പിന്നീട് പിടികൂടി സുരക്ഷിത സ്ഥലത്ത് വിട്ടയച്ചെന്നാണ് റിപ്പോർട്ട്.