വളരെ രസകരമായ ഒരുതരം രക്‌താതിസമ്മര്‍ദമാണ് വൈറ്റ്‌കോട്ട് ഹൈപ്പര്‍ടെന്‍ഷന്‍. ആശുപത്രിയില്‍വച്ച് വെള്ളക്കോട്ട് ധരിച്ച ഡോക്‌ടറോ നഴ്‌സോ പ്രഷര്‍ നോക്കുമ്പോള്‍ വളരെ കൂടിയിരിക്കുകയും പിന്നീട് വീട്ടില്‍ വന്നു നോക്കുമ്പോള്‍ പ്രഷര്‍ സാധാരണനിലയില്‍ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്.
ഡോക്‌ടറുടെ മുറിയാണെന്ന ചിന്തയാണ് ഇത്തരക്കാരില്‍ പ്രഷര്‍ കുട്ടുന്നത്. ചെറിയ മാനസിക സമ്മര്‍ദവും പ്രഷര്‍ കൂടുതലായിരിക്കുമെന്ന ചിന്തപോലും രക്‌തസമ്മര്‍ദത്തില്‍ മാറ്റമുണ്ടാക്കും.
ഇത്തരം രക്‌തസമ്മര്‍ദം കാര്യമാക്കേണ്ടതില്ലെന്നായിരുന്നു അടുത്തകാലംവരെയുള്ള ധാരണ. എന്നാല്‍ ഈയിടെ നടത്തിയ പല പരീക്ഷണങ്ങളും വൈറ്റ്‌കോട്ട് ഹൈപ്പര്‍ടെന്‍ഷനെ അവഗണിക്കരുതെന്നാണു പറയുന്നത്. കാരണം വൈറ്റ്‌കോട്ട് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ക്ക് മറ്റു തരത്തിലുള്ള ചെറിയ മാനസിക സമ്മര്‍ദം പോലും പ്രഷര്‍ ഉയരാന്‍ കാരണമായേക്കാം. അതിനാല്‍ വെള്ളക്കോട്ട് കാണുമ്പോള്‍ രക്‌തസമ്മര്‍ദം കൂടുന്നെങ്കില്‍ ജാഗ്രതൈ.