Featured Healthy Food

ആരോഗ്യം സംരക്ഷിക്കാം, തടിയും കുറയും; പിയോപ്പി ഡയറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ മരുന്നിന്റെ ഉപയോഗം കുറയ്ക്കനാവും. ഭക്ഷണംതന്നെ മരുന്നായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കുന്നവരെല്ലാവരും നല്ലൊരു ഡയറ്റ് പിന്തുടരുന്നവരാണ്. ഭാരം കുറയ്ക്കുന്നതിന് ഉപരിയായി ആരോഗ്യം നിലനിര്‍ത്താനായി സ്ഥിരമായ ഒരു ഡയറ്റ് ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പിയോപ്പി ഡയറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം.

തെക്കന്‍ ഇറ്റലിയിലെ ഒരു ഗ്രാമത്തിന്റെ പേരിലാണ് ഈ ഭക്ഷണ രീതി അറിയപ്പെടുന്നത് . മെഡിറ്റേനിയന്‍ ശൈലിയിലുള്ള ഭക്ഷണത്തെ അടിസ്ഥാനമാക്കി കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് , ഉയര്‍ന്ന അളവില്‍ നല്ല കൊഴുപ്പ് എന്നിവയിലാണ് ഈ ഭക്ഷണരീതി കേന്ദ്രികരിച്ചിരിക്കുന്നത്. യുകെ കാര്‍ഡിയോളജിസ്റ്റായ ഡോ അസീം മല്‍ഹോത്രയും മുന്‍ രാജ്യാന്തര അത്ലറ്റും ഡോക്യുമെന്ററി ഫിലിം മേക്കറുമായ ഡൊണാള്‍ ഒ നീലും ചേര്‍ന്നാണ് ഈ ഡയറ്റ് രൂപപ്പെടുത്തിയത്.

കാലറി കണക്കാക്കുന്ന രീതി ഈ ഡയറ്റിലില്ല. എന്നാല്‍ പഞ്ചസാര ഇനങ്ങള്‍, അരി, റൊട്ടി, പാസ്ത തുടങ്ങി അന്നജം അടങ്ങിയ പല കാര്‍ബോ ഹൈഡ്രേറ്റുകളും ഒഴിവാക്കാനായി ഇവര്‍ പറയുന്നു. പിയോപി ഡയറ്റെന്നാല്‍ വളരെ കുറഞ്ഞ അളവില്‍ കാര്‍ബോഹെഡ്രേറ്റും ധാരാളമായി കൊഴുപ്പും അടങ്ങിയ ഡയറ്റാണ്.

ഇത് സാധാരണയായി 21 ദിവസത്തേക്കുള്ള ഒരു പ്ലാനാണ്. ആഴ്ച്ചയില്‍ ഒരിക്കല്‍ 24 മണിക്കൂര്‍ ഉപവാസവും ഇതിന്റെ ഭാഗമാണ്. പ്രമേഹരോഗികളോ ഗർഭിണികളോ, മുലയൂട്ടുന്നവരോ ആണെങ്കില്‍ ഈ ഉപവാസം ഒഴിവാക്കാം. ഭക്ഷണത്തിലെ മാറ്റത്തോടൊപ്പം, ഊര്‍ജസ്വലമായ ജീവിതശൈലി, ശരിയായ ഉറക്കം, മിതമായ അളവിൽ മാത്രമുള്ള മദ്യപാനം തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്.

ഉപ്പില്ലാത്ത നട്‌സ്, പഴങ്ങളും പച്ചകറികളും, മത്തി, അയല പോലുള്ള മത്സ്യം , മുട്ട, ചീസ്, എന്നിവയാണ് പിയോപ്പി ഡയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങള്‍. ഈ ഡയറ്റിലൂടെ ഹൃദ്രോഹം തടയാനും ചികിത്സിക്കാനും സഹായകമാകുകയും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഭാരം കുറയ്ക്കാനും ഈ ഡയറ്റ് സഹായിക്കും. എന്നാല്‍ ഇതിന്റെ ഗുണഫലങ്ങളെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളു.