Featured Sports

ഇന്ത്യന്‍ വനിതാ ടീമിന് പിന്തുണ; ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാക് ആരാധകന്‍, വീഡിയോ വൈറല്‍

 വനിതാ ലോകകപ്പ് ഫൈനലിനിടെ ഇന്ത്യന്‍ ടീം ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒപ്പം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്താന്‍ ആരാധകന്റെ ദൃശ്യങ്ങള്‍ വൈറല്‍. അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന പാക് ആരാധകനാണ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ഇന്ത്യന്‍ ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.

പാകിസ്താന്‍ ജേഴ്‌സി ധരിച്ച അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന യുവാവും ഇദ്ദേഹത്തിന്റെ മകളെന്ന് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു മുതിര്‍ന്ന പുരുഷനുമാണ് വീഡിയോയിലുള്ളത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരത്തിനു മുമ്പായി നവി മുംബൈയിലെ ഗ്രൗണ്ടില്‍ ഗായിക സുനിധി ചൗഹാന്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചപ്പോഴാണ് ടിവിയില്‍ ഈ മത്സരം കാണുകയായിരുന്ന അര്‍ഷാദ് മുഹമ്മദ് ഹനീഫും കൂടെയുള്ളവരും എഴുന്നേറ്റു നിന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ അര്‍ഷാദ് മുഹമ്മദ് ഹനീഫ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമുയര്‍ത്തി. 1978-ല്‍ അന്താരാഷ്ട്ര ഏകദിനം കളിച്ചുതുടങ്ങിയ ഇന്ത്യന്‍ വനിതകളുടെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു ഇത്. 52 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.