ചൈനയില്‍ ‘ചുവപ്പ്’ നിറം തീമായി വരുന്ന ‘പാമ്പുവര്‍ഷ’ ത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ആഘോഷിക്കുന്ന ചൈനീസ് പുതുവത്സരം ‘ലൂണാര്‍ ന്യൂ ഇയര്‍’ എന്നുകൂടി വിശേഷിപ്പിക്കുന്നു. 12 വര്‍ഷം കൂടുമ്പോള്‍ വരുന്ന ചൈനീസ് രാശിചക്രത്തില്‍ 2025 ‘പാമ്പിന്റെ വര്‍ഷം’ ആയി എത്തിയിരിക്കുകയാണ്. ജനുവരി 29 മുതല്‍ ഇത്തവണത്തെ ‘പാമ്പ് വര്‍ഷം’ തുടങ്ങി.
ചൈനീസ് പുരാണങ്ങളില്‍ നിന്നുള്ള മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കല്‍പ്പമാണ് ഇത്. ‘പാമ്പിന്റെ വര്‍ഷം’ ജ്ഞാനം, അവബോധം, പരിവര്‍ത്തനം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ആഘോഷങ്ങള്‍, പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍ എന്നിവയാല്‍ നിറഞ്ഞതാണ് ഈ ആഘോഷം. ഭൂതകാലത്തെ ബഹുമാനിക്കാനും ഭാവിയെ പ്രതീക്ഷയോടും ഭാഗ്യത്തോടും കൂടി സ്വാഗതം ചെയ്യാനും വേണ്ടി ചൈനാക്കാര്‍ ഈ സമയം ഉപയോഗിക്കും.
ചൈനീസ് പുതുവര്‍ഷത്തിന് ചന്ദ്ര കലണ്ടറുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു ചരിത്രമുണ്ട്. ഐതിഹ്യമനുസരിച്ച്, പുതുവര്‍ഷ രാവില്‍ പ്രത്യക്ഷപ്പെടുന്ന നിയാന്‍ എന്ന പുരാണ മൃഗത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് അവധി ആരംഭിച്ചത്. കാലക്രമേണ, മൃഗത്തെ ഓടിക്കാന്‍ ആളുകള്‍ ആഘോഷങ്ങള്‍ സൃഷ്ടിച്ചു. അവധിക്കാലം ശൈത്യകാലത്തിന്റെ അവസാനത്തെയും വസന്തത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു, പുതുക്കലിനും പുതിയ തുടക്കത്തിനുമുള്ള സമയമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ചൈനീസ് പുതുവര്‍ഷത്തില്‍, ഭാഗ്യം കൊണ്ടുവരാന്‍ നിരവധി ആചാരങ്ങളുമുണ്ട്.
ഒന്നാമത്തെ കാര്യം നെഗറ്റീവ് ഊര്‍ജ്ജത്തെ പടികടത്തിവിടാന്‍ വീടുകള്‍ വൃത്തിയാക്കുകയും ഭാഗ്യത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നതാണ്. പ്രായമായവര്‍ കുട്ടികള്‍ക്ക് ഐശ്വര്യം ആശംസിച്ച് പണം നിറച്ച ചുവന്ന കവറുകള്‍ നല്‍കുന്നത് സാധാരണമാണ്. കുടുംബങ്ങള്‍ അവരുടെ പൂര്‍വ്വികരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതും ‘പാമ്പ് വര്‍ഷ’ ത്തിന്റെ ആചാരത്തിന്റെ ഭാഗമാണ്. പുതുവര്‍ഷത്തില്‍ പുതിയ തുടക്കത്തിനായി പുതിയ വസ്ത്രങ്ങളും ചുവന്ന അലങ്കാരങ്ങളും ധരിക്കുന്ന രീതിയുമുണ്ട്.