ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാധകരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സ്റ്റാര്‍ ബാറ്റര്‍, വിരാട് കോഹ്ലി, ബുധനാഴ്ച തന്റെ വസ്ത്ര സംരംഭമായ ‘റോങ്ങി’ന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തന്റെ ഔദ്യോഗിക എക്‌സ് പ്രൊഫൈലിലെത്തിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. വാര്‍ഷികാഘോഷത്തില്‍ താരം ഇട്ട പോസ്റ്റ് താരവും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ്മയുമായുള്ള വിവാഹമോചനമാണോ അതോ താരത്തിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലാണോ എന്നെല്ലാം ആരാധകര്‍ സംശയിച്ചു.
ഒരു ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. പക്ഷേ താരം ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരുന്നില്ല. ആരാധകര്‍ക്ക് ഇങ്ങിനെ സംശയിക്കാന്‍ ഒരു കാരണവും ഉണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍, ടി20 ഐയില്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ കോഹ്ലി സമാനമായ സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടു പുതിയ ചിത്രവും പോസ്റ്റും ആരാധകരെ ശരിക്കും ഞെട്ടിച്ചു. താരത്തിന്റെ വിരമിക്കലാണോ എന്ന് ചില ആരാധകര്‍ കമന്റിലൂടെ തുറന്നു ചോദിക്കുകയും ചെയ്തു.
ഓഗസ്റ്റില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയതു മുതല്‍ 36-കാരനായ ബാറ്റര്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ അഞ്ച് ടെസ്റ്റുകളില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് കോഹ്ലിയുടെ സമ്പാദ്യം. കിവിസിനെതിരായ ഹോം പരമ്പരയില്‍ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും രേഖപ്പെടുത്തുന്നതില്‍ കോഹ്ലി പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം മുഴുവനും കളിച്ച ആറ് ടെസ്റ്റുകളില്‍ നിന്ന് കോഹ്ലിക്ക് 250 റണ്‍സ് മാത്രമാണ് നേടാനായത്. ഇനി മുന്നിലുള്ളത് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയാണ്.
എന്നാല്‍ അതല്ല കോഹ്ലിയുടെയും അനുഷ്‌ക്കയുടേയും വിവാഹമോചന കേസാണോ എന്നായിരുന്നു മറ്റു ചില ആരാധകരുടെ സംശയം. ബോളിവുഡിലും മറ്റും വിവാഹമോചന വാര്‍ത്തകള്‍ പതിവായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ രണ്ടുകുട്ടികളുള്ള താരദമ്പതികള്‍ പ്രത്യേകിച്ചും 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാനും ഭാര്യയും തമ്മിലുള്ള ബന്ധം വേര്‍പെടുത്തുന്നതിന്റെ വാര്‍ത്തപുറത്തുവന്നതിന് തൊട്ടു പിന്നാലെയായതിനാല്‍ ഈ ഒരു സംശയവും ആരാധകര്‍ക്ക് ഉണ്ടായി.
വിരാട് കോഹ്ലിയെ സംബന്ധിച്ചിടത്തോളം, അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള സമയത്ത് ബാറ്റര്‍ തന്റെ ഫോം വീണ്ടെടുക്കുമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബര്‍ 22ന് പെര്‍ത്തില്‍ ആരംഭിക്കും.