Movie News

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിജയ് ; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളെന്ന് ഊഹാപോഹങ്ങള്‍

തമിഴ് സൂപ്പര്‍താരം വിജയ്യുടെ തമിഴ്നാട് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് തന്റെ പാര്‍ട്ടി ആരംഭിച്ചേക്കുമെന്നും 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമാണ് സൂചനകള്‍. ഇതിനിടയില്‍ താരം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

കനത്ത മഴ തമിഴ്നാട്ടിലെ തൂത്തുക്കുടി, നെല്ലൈ എന്നിവിടങ്ങളില്‍ നാശം വിതച്ചിരുന്നു. നിരവധി ജീവിതങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനും വിജയ് ഇവിടെ എത്തി.

ശനിയാഴ്ച തൂത്തുക്കുടി വിമാനത്താവളത്തില്‍ എത്തിയ വിജയ്, കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി നെല്ലായി ജില്ലയിലെ മാതാ ഹൗസിലേക്ക് പോയി. സന്ദര്‍ശനത്തില്‍ അവിടെ ഉണ്ടായിരുന്നവരുമായി അദ്ദേഹം സംസാരിക്കുകയും അവരോടൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു.

ചെന്നൈയിലെ സൈദാപേട്ട് പ്രദേശത്ത് മൈചോങ് ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് കഴിഞ്ഞയാഴ്ച ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തിരുന്നു. വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആക്കം കൂട്ടുന്ന സംഭവങ്ങളായാണ് ഇതിനെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച, ഇടതടവില്ലാതെ പെയ്ത മഴ തെക്കന്‍ ജില്ലകളായ തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളില്‍ കനത്തനാശം വിതച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ സന്ദര്‍ശനം. ലോകേഷ് കനകരാജിന്റെ ലിയോ ആയിരുന്നു വിജയ് യുടെ അവസാന ചിത്രം. അതിനിടയില്‍ കഴിഞ്ഞ ദിവസം വിജയകാന്തിന്റെ അന്തിമ ചടങ്ങിന് എത്തിയ നടന്റെ നേരെ ഏതോ അജ്ഞാതന്‍ ചെരുപ്പെറിഞ്ഞിരുന്നു.