ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരേ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് 234 റണ്ണിന്റെ തകര്‍പ്പന്‍ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 433 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇക്ക് ഏഴ് വിക്കറ്റിന് 199 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം കുറിച്ച് ഇന്ത്യയുടെ ”പയ്യന്‍മാര്‍” നയംവ്യക്തമാക്കി.
ദുബായില്‍ ഐ.സി.സി. ക്രിക്കറ്റ് അക്കാദമിയില്‍ ടോസ് നേടിയ യു.എ.ഇ. നായകന്‍ യായിന്‍ കിരണ്‍ റായ് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടപ്പോള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണു നടന്നത്. നായകന്‍ ആയുഷ് എംഹാത്രെയെ (നാല്) ക്ഷണത്തില്‍ പുറത്താക്കാനായെങ്കിലും തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന വൈഭവ് സൂര്യവംശി തകര്‍ത്തു. 95 പന്തില്‍ 14 സിക്‌സറുകളും ഒന്‍പത് ഫോറുമടക്കം 171 റണ്ണെടുത്ത വൈഭവ് യു.എ.ഇയെ തകര്‍ത്തെറിഞ്ഞു.
മറുനാടന്‍ മലയാളി ആരോണ്‍ ജോര്‍ജ് (73 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 69), വിഹാന്‍ മല്‍ഹോത്ര (55 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 69) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി വൈഭവിനു മികച്ച പിന്തുണ നല്‍കി. അഭിഗ്യാന്‍ കുണ്ടു (17 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 32), കനിഷ്‌ക് ചൗഹാന്‍ (12 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 28) എന്നിവരും മുതല്‍ക്കൂട്ടായി.
യു.എ.ഇ. നിരയില്‍ ഉദ്ധിഷ് സൂരി (106 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 78), പൃഥി മധു (87 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 50) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് എടുത്തു കാണിക്കാനുണ്ടായിരുന്നത്.
പൃഥി മധുവിനെ വിഹാന്‍ മല്‍ഹോത്രയുടെ പന്തില്‍ തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ വൈഭവ് സൂര്യവംശിയാണു പുറത്താക്കിയത്. യൂത്ത് ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡിലെത്താന്‍ വൈഭവിനായില്ല. അമ്പാട്ടി റായിഡു 2002 ല്‍ ഇംഗ്ലണ്ടിനെതിരേ ടൗണ്‍ടണില്‍ കുറിച്ച 177 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. 33-ാം ഓവറിലാണു വൈഭവ് പുറത്തായത്.
കഴിഞ്ഞ മാസമാണു ദോഹയില്‍ നടന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ട്വന്റി20 യില്‍ വൈഭവ് സൂര്യവംശി 42 പന്തില്‍ 144 റണ്ണെടുത്തത്. യു.എ.ഇയായിരുന്നു അന്നും എതിരാളികള്‍. ഈ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായും യൂത്ത് ടെസ്റ്റിലും ഇന്ത്യ എ ടീമിനായും സയദ് മുഷ്താഖ് അലി ട്രോഫിയിലും സെഞ്ചുറിയടിക്കാന്‍ വൈഭവിനായിരുന്നു. അടുത്ത വര്‍ഷം നമീബിയയിലും സിംബാബ്‌വേയിലുമായി നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ യുവ താരം കളിക്കുമെന്നുറപ്പ്. മൊത്തം റണ്‍വേട്ടക്കാരില്‍ ഈ വര്‍ഷം ജൂലൈയില്‍ ഇരട്ട സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാന്‍ ഷാല്‍ക്വിക്കാണ് (215) ഒന്നാമത്. യു.എ.ഇക്കെതിരായ മത്സരത്തില്‍ മലയാളി ബാറ്റര്‍ ആരോണ്‍ ജോര്‍ജും മികവ് തെളിയിച്ചു. രണ്ടാം വിക്കറ്റില്‍ വൈഭവും ആരോണും ചേര്‍ന്ന് 212 റണ്‍ കൂട്ടിച്ചേര്‍ത്തു.




