Celebrity

70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയി; ലണ്ടന്‍ വിമാനത്താവളത്തിനെതിരേ ഉര്‍വ്വശി റൗട്ടേല

ലണ്ടന്‍ വിമാനത്താവളത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തി താന്‍ വന്‍ മോഷണത്തിന് ഇരയായതായി ബോളിവുഡ് നടി നടി ഉര്‍വശി റൗട്ടേലയുടെ പരാതി. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അടങ്ങിയ തന്റെ ആഡംബര സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടതായിട്ടാണ് നടി അധികൃതര്‍ക്ക് പരാതി നല്‍കിയത്.

വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു നടി ലണ്ടനില്‍ എത്തിയത്. തന്റെ ബാഗ് ബാഗേജ് ബെല്‍റ്റ് ഏരിയയില്‍ നിന്ന് നേരിട്ട് മോഷ്ടിക്കപ്പെട്ടതായി ആരോപിച്ച നടി വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായമില്ലാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും സംഭവത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ദുരനുഭവം പങ്കുവെച്ചു. ‘പ്ലാറ്റിനം എമിറേറ്റ്‌സ് അംഗവും വിംബിള്‍ഡണില്‍ പങ്കെടുക്കുന്ന ഒരു ആഗോള കലാകാരിയുമായ തനിക്ക് മുംബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിന് പിന്നാലെ ലണ്ടന്‍ ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റില്‍ നിന്ന് ഞങ്ങളുടെ ക്രിസ്റ്റ്യന്‍ ഡിയോര്‍ ബ്രൗണ്‍ ബാഗേജ് മോഷ്ടിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഞാന്‍ അതീവ നിരാശനാണ്’ റൗട്ടേലയുടെ പ്രസ്താവനയില്‍ പറയുന്നു.

ബാഗേജ് ടാഗും ടിക്കറ്റും ഉണ്ടായിരുന്നിട്ടും, ബെല്‍റ്റ് ഏരിയയില്‍ നിന്ന് ബാഗ് അപ്രത്യക്ഷമായത് ഗുരുതരമായ സുരക്ഷാ ലംഘനത്തെ സൂചിപ്പിക്കുന്നുവെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. പിന്നീട് നടി എമിറേറ്റ്സിന്റെ പിന്തുണ വിഭാഗവുമായും ഗാറ്റ്വിക്ക് വിമാനത്താവള അധികൃതരുമായും ബന്ധപ്പെട്ടിട്ടും കാണാതായ ലഗേജ് വീണ്ടെടുക്കുന്നതിന് സഹായവും ലഭിച്ചില്ലെന്ന് അവര്‍ അവകാശപ്പെടുന്നു.

ഈ മാസം ആദ്യമായിരുന്നു റൗട്ടേലയുടെ അമ്മ നടിയുടെ മുന്‍ മാനേജര്‍ വേദിക പ്രകാശ് ഷെട്ടിക്കെതിരെ മോഷണക്കുറ്റം ആരോപിച്ചത്. മകളുടെ 24/7 എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി വേദിക ജോലി ചെയ്തിരുന്ന 2015-2017 കാലയളവില്‍ നിരവധി മോഷണങ്ങളും വഞ്ചനകളും നടത്തിയതായും ഇത് കുടുംബത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും റൗട്ടേലയുടെ അമ്മ ആരോപിച്ചു.