Crime

കുഞ്ഞുണ്ടാവാൻ മന്ത്രവാദം, കക്കൂസിലെ വെള്ളം കുടിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ മന്ത്രവാദി ആവശ്യപ്പെട്ടതു പ്രകാരം കുഞ്ഞുണ്ടാവാന്‍ കക്കൂസിൽനിന്നുള്ള മലിനജലം കുടിച്ച യുവതി മരിച്ചു. അസംഗഢ് സ്വദേശി അനുരാധ (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് പഹല്‍വാന്‍പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. യുവതിയുടെ അച്ഛന്‍ ബലിറാം യാദവിന്റെ പരാതിയിൽ മന്ത്രവാദിയായ ചന്തുവിനെ കന്ധാരപുര്‍ പോലീസ് അറസ്റ്റു ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് പത്തുവര്‍ഷമായിട്ടും കുഞ്ഞുണ്ടാവാത്തതിനെ തുടർന്നാണ് അനുരാധ അമ്മയോടൊപ്പം മന്ത്രവാദിയുടെ അടുത്തെത്തിയത്. ആഭിചാരക്രിയകളിലൂടെ അദ്ദേഹം കുഞ്ഞുണ്ടാകാൻ സഹായിക്കുമെന്ന് അറിഞ്ഞായിരുന്നു ഇത്. അനുരാധയുടെ മേല്‍ ഒരു പിശാച് കുടിയിരിക്കുന്നതായി മന്ത്രവാദി വിശ്വസിപ്പിച്ചു. മന്ത്രവാദക്രിയകളിലൂടെ അവ നീക്കാമെന്നും അറിയിച്ചു.

മന്ത്രവാദക്രിയകള്‍ ക്രമേണ അക്രമാസക്തമായി. മുടി പിടിച്ച് വലിക്കുകയും വായയിലും കഴുത്തിലും പിടിച്ച് അമര്‍ത്തുകയും ചെയ്തു. പിന്നാലെ അഴുക്കുചാലിലെയും കക്കൂസിലെയും മലിനജലം കുടിപ്പിച്ചു. ഇതൊക്കെക്കണ്ട് സഹിക്കവയ്യാതെ അമ്മ ഇടപെട്ടെങ്കിലും ചന്തു അവയൊന്നും ഗൗനിക്കാതെ ക്രിയകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ക്രമേണ അനുരാധയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതോടെ ചന്തുവും സഹായികളും യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. എന്നാല്‍, അപ്പോഴേക്കും യുവതി മരിച്ചിരുന്നു. പിന്നാലെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ചന്തുവും സഹായികളും മുങ്ങുകയായിരുന്നു.

അനുരാധയുടെ കുടുംബമാണ് പിന്നീട് മൃതദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിച്ചത്. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രതിഷേധിച്ചു. അച്ഛന്‍ ബലിറാം യാദവിന്റെ പരാതി പ്രകാരം കേസന്വേഷിച്ച പോലീസ് ഒരു ലക്ഷം രൂപയുടെ കരാറിലായിരുന്നു ഈ ആഭിചാരക്രിയയെന്ന് മനസ്സിലാക്കി. ആദ്യ ഘഡുവായി ചന്തുവിന് 22,000 രൂപ നല്‍കിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

സംഭവം വിവാദമായതോടെ ചന്തു പോലീസില്‍ കീഴടങ്ങി. മരണത്തില്‍ കൂടുതല്‍ പേരുടെ പങ്ക് വ്യക്തമായതോടെ അവര്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. ചന്തുവിന്റെ ഭാര്യയും മറ്റു രണ്ടുപേരും മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് അനുരാധയുടെ അച്ഛന്‍റെ പരാതിയിൽ പറയുന്നു.