Crime

5000 രൂപ തരാം, കൂടെ വാ.. തോക്ക് ചൂണ്ടി യുവതിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്ന അധ്യാപകൻ- ഞെട്ടിക്കുന്ന വീഡിയോ

റോഡിലൂടെ നടന്ന് പോയ യുവതിയെ കാറിൽ കയറ്റാൻ ശ്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. ബൽദേവിലുള്ള ഒരു സ്കൂളിലെ അധ്യാപകനായ ശ്യാംവീർ സിംഗ് എന്നയാളാണ് സംഭവത്തിൽ പിടിയിലായത്. തന്റെ കാറിൽ കയറാൻ അയാൾ സ്ത്രീയോട് ആവശ്യപ്പെടുകയും തന്നോടൊപ്പം വരുന്നതിനായി 5,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തതായിട്ടാണ് ആരോപണം.

യുവതിയെ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നു. തടയാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുവതിയെ തന്റെ കാറിൽ കൂട്ടിക്കൊണ്ടുപോകാൻ 5,000 രൂപ വാഗ്ദാനം ചെയ്തെങ്കിലും യുവതി ഇത് നിരസിച്ചു. തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. യുവതിയുടെ ചെറുത്തുനിൽപ്പും നിലവിളിയും കേട്ട് ആളുകൾ ഓടിക്കൂടിയതോടെ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ശേഷം തിരികെ വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്താണ് സംഭവിച്ചത്?

ജഗദീഷ്പൂരിലെ 22 വയസ്സുകാരിയായ യുവതി മാധ്യമങ്ങ​​ളോട് പറഞ്ഞതിങ്ങനെ: സെപ്റ്റംബർ 20-ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കാർഗിൽ സ്‌ക്വയറിന് സമീപത്ത് കൂടി നടന്നുപോകുമ്പോൾ ദാഹിച്ചതിനാൽ മൂൺ ലൈറ്റ് ഹോട്ടലിന് പുറത്ത് വെള്ളം കുടിക്കാൻ നിന്നു. അപ്പോഴാണ് രണ്ട് പുരുഷന്മാരുള്ള ഒരു കാർ തന്റെ അടുത്ത് നിർത്തിയത്.

ആദ്യം അവർ പണം വാഗ്ദാനം ചെയ്ത് കൂടെ വരാൻ ആവശ്യപ്പെട്ടു. യുവതി അത് അവഗണിച്ചു. എന്നാൽ അവർ നിർബന്ധം പിടിച്ചപ്പോൾ യുവതി അവരെ ചോദ്യം ചെയ്തു. അപ്പോൾ ഒരാൾ കാറിൽ നിന്ന് ഇറങ്ങി.

പെട്ടെന്ന്, അയാൾ യുവതിയെ കൈകളിൽ പിടിച്ച് കാറിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചു. യുവതി കുതറിയോടുകയും നിലവിളിക്കുകയും ചെയ്തതോടെ ആളുകൾ ഓടിക്കൂടി. ജനക്കൂട്ടം അടുത്തേക്ക് വന്നപ്പോൾ സിംഗ് തന്റെ പിസ്റ്റൾ പുറത്തെടുത്ത് യുവതിയെയും ആളുകളെയും ഭീഷണിപ്പെടുത്തി. തടയാൻ ശ്രമിച്ച ഒരാൾക്ക് നേരെ ഇയാൾ തോക്ക് ചൂണ്ടിയതായും ദൃക്‌സാക്ഷികൾ പറയുന്നു. ഓടിപ്പോകുന്നതിന് മുമ്പ് സിംഗ് തന്റെ വാഹനം ഉപയോഗിച്ച് യുവതിയെ ഇടിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

സംഭവത്തിന്റെ രണ്ട് വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയിൽ, യുവതി ഒരു വഴിയാത്രക്കാരനോട്, “ഇയാൾ എന്നെ ഉപദ്രവിക്കുകയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 5,000 രൂപയ്ക്ക് എന്റെ കൂടെ വരുമോ എന്ന് ഇയാൾ ചോദിച്ചു” എന്ന് പറയുന്നത് കേൾക്കാം.

രണ്ടാമത്തെ വീഡിയോയിൽ ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ വ്യക്തമായി കാണാം. പ്രതി യുവതിയെ കൈയ്യിൽ പിടിച്ച് വലിക്കുന്നതും യുവതി കുതറിമാറി നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. “കൈ വെക്കരുത്, മാറിനിൽക്ക്. ദൂരെ നിന്ന് സംസാരിക്കൂ” എന്ന് ഒരാൾ വിളിച്ചുപറയുന്നതും കേൾക്കാം.

സംഭവത്തെ തുടർന്ന് യുവതി സികന്ദ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 24 മണിക്കൂറിനുള്ളിൽ ആഗ്ര പോലീസ് ശ്യാംവീർ സിംഗിനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ ലൈസൻസുള്ള തോക്കും കാറും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.