Featured Oddly News

ഭാര്യ മരിച്ചു, സഹോദരിയെ കെട്ടി, ഇളയ സഹോദരിയെകൂടി വേണമെന്നാവശ്യപ്പെട്ട് യുവാവ് വൈദ്യുതി ടവറിൽ കയറി- വീഡിയോ

ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ഭാര്യയുടെ ഇളയ സഹോദരിയെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിൽ കയറി. രാജ് സക്സേന എന്നയാളാണ് ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. നാട്ടുകാരെ അമ്പരപ്പിച്ച സംഭവത്തില്‍ പോലീസിന്റെ ഇടപെടൽ ആവശ്യമായി വന്നു.

2021-ലായിരുന്നു രാജ് സക്സേനയുടെ ആദ്യ വിവാഹം. എന്നാൽ അടുത്ത വർഷം ഭാര്യ അസുഖം ബാധിച്ച് മരിച്ചു. ഭാര്യയുടെ മരണശേഷം, സക്സേന അവളുടെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചു. ഈ തീരുമാനം രണ്ട് കുടുംബങ്ങളും അംഗീകരിക്കുകയും ചെയ്തു. രണ്ട് വർഷം ഈ ബന്ധം ഭംഗിയായി മുന്നോട്ട് പോയി. ഇതിനിടയിലാണ് സക്സേനയ്ക്ക് തന്റെ ആദ്യ ഭാര്യയുടെയും ഇപ്പോഴത്തെ ഭാര്യയുടെയും ഇളയ സഹോദരിയോട് അടുപ്പം തോന്നിയത്.

വ്യാഴാഴ്ച രാവിലെ, രാജ് തന്റെ ഭാര്യയോട് ഇളയ സഹോദരിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചു. എന്നാൽ ഭാര്യ ഇതിന് സമ്മതിച്ചില്ല. അതോടെ രാജ് ഗ്രാമത്തിലെ ഒരു വൈദ്യുതി ടവറിൽ കയറി. ടവറിന് മുകളിൽ കയറിനിന്ന് തന്റെ ആവശ്യം വിളിച്ചുപറഞ്ഞുകൊണ്ട് രാജ് നാട്ടുകാരെ ഞെട്ടിച്ചു. ബോളിവുഡ് ക്ലാസിക് ചിത്രമായ ഷോലെയിലെ രംഗവുമായാണ് ആളുകൾ ഇതിനെ താരതമ്യം ചെയ്തത്.

സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. ഈ അസാധാരണ സംഭവം ഉടൻ തന്നെ ലോക്കൽ പോലീസിനെ അറിയിച്ചു. ഏകദേശം ഏഴ് മണിക്കൂറോളം അധികാരികളും കുടുംബാംഗങ്ങളും സക്സേനയുമായി സംസാരിച്ചു. ഒടുവിൽ ടവറിൽ നിന്ന് താഴെയിറങ്ങാൻ അയാള്‍ സമ്മതിച്ചു. ഇളയ സഹോദരിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം മാത്രമാണ് സക്സേന താഴെയിറങ്ങാൻ സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു.

ഭാര്യയുടെ ഇളയ സഹോദരിയ്ക്കും തന്നോട് ഇഷ്ടമാണെന്ന് രാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ല. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അപകടകരമായ ഈ പ്രവൃത്തിയിൽ സക്സേനക്കെതിരെ ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.