ന്യൂഡൽഹി∙ മൂന്ന് വയസ്സുകാർ ഉൾപ്പെടെ 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികൾക്ക് ഉത്തർപ്രദേശിലെ കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.
പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം കുട്ടികൾക്ക് തുല്യമായി വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു.
2010-2020 കാലത്താണ് മൂന്നുവയസ്സുമുതൽ പത്തുവയസ്സുവരെയുള്ള കുട്ടികളെ പ്രതികൾ പീഡനത്തിനിരയാക്കിയത്. ഓൺലൈൻ വീഡിയോഗെയിമുകളും പണവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ചാണ് രാംഭവൻ കുട്ടികളെ പ്രലോഭിപ്പിച്ചത്. 2020-ലാണ് കേസ് സി.ബി.ഐ. കേസ് ഏറ്റെടുത്തത്.
അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐ കണ്ടെത്തിയത്. പരുക്കേറ്റ ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പലർക്കും കാഴ്ചശക്തിക്ക് തകരാർ സംഭവിച്ചു. നീചവും ആസൂത്രിതവുമായ ഈ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു കോടതി നിരീക്ഷിച്ചു.




