ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയില്‍ മുസ്ലീം പുരോഹിതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ശനിയാഴ്ച വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇമാം ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെ ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയുടെ പരിസരത്തുള്ള അവരുടെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ബാദി മസ്ജിദിലെ മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിക്കുന്ന ഇമാം ഇബ്രാഹിം കുറ്റകൃത്യം നടക്കുമ്പോൾ ദിയോബന്ദിൽ ജോലിക്ക് പോയിരുന്നു. പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി വന്ന കുട്ടികൾ മൃതദേഹങ്ങൾ കണ്ട് അലറിവിളിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.
ഇര്‍സാനയുടെ മൃതദേഹം തറയിലും രണ്ട് പെൺകുട്ടികളുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയില്‍ കട്ടിലിലുമായിരുന്നു. സംഭവത്തെ പറ്റി ഒരു ധാരണയുമില്ലെന്നും ചുറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളുണ്ടെന്നും ഇബ്രാഹിം പറഞ്ഞു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പള്ളി കോമ്പൗണ്ടിലെ സിസിടിവികള്‍ സംഭവസമയത്ത് ഓഫാക്കിയ നിലയിലായിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസ് സൂപ്രണ്ട് സൂരജ് കുമാർ റായ്, അഡീഷണൽ എസ്പി പ്രവീൺ കുമാർ ചൗഹാൻ, സർക്കിൾ ഓഫീസർ വിജയ് കുമാർ എന്നിവർ സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
മൃതദേഹങ്ങൾ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചപ്പോൾ, നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധിച്ചു. കർശന നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നതുവരെ സ്ഥിതിഗതികൾ സംഘർഷഭരിതമായിരുന്നു. മുസാഫർനഗർ ജില്ലയിലെ സുന്ന ഗ്രാമത്തിൽ നിന്നുള്ളയാണ് ഇമാം ഇബ്രാഹിം. കഴിഞ്ഞ നാല് വർഷമായി ഗംഗനൗലിയിലെ ബാഡി മസ്ജിദിലാണ് ജോലി ചെയ്യുന്നത്.




