വിവാഹത്തിലെ ‘വിടായ്’ (മണവാട്ടിയെ യാത്രയാക്കൽ) ഒഴികെയുള്ള എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം നവവധു ആഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. വരന്റെ വീട്ടുകാർ വധുവിനായുള്ള വിടായ് ചടങ്ങിനായി കാത്തിരുന്ന ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്, എന്നാൽ അപ്പോഴേക്കും വധു അർദ്ധരാത്രിയിൽ ഒളിച്ചോടിയിരുന്നു. മോഷണത്തിനും വഞ്ചനയ്ക്കും എതിരെ വരനും കുടുംബവും വധുവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവം നടന്നത് ഇങ്ങനെ:
ഘുഘന്തർ ഗ്രാമക്കാരനും ബാങ്കി, കോട്‌വാലി നഗർ സ്വദേശിയായ യുവതിയും തമ്മിലായിരുന്നു വിവാഹം. നവംബർ 18-ന് ഗംഭീരമായ വിവാഹ ഘോഷയാത്രയുമായി വരനെത്തി. തുടർന്ന് വിവാഹ ചടങ്ങുകൾ ഒന്നൊന്നായി പൂർത്തിയാക്കി. നവദമ്പതികൾ നൃത്തം ചെയ്യുന്നതും വിവാഹം ആഘോഷിക്കുന്നതുമായ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
എങ്കിലും, ആഘോഷം അധികം നീണ്ടുനിന്നില്ല. പിറ്റേന്ന് രാവിലെ, വരന്റെ വീട്ടുകാർ വിടായ് ചടങ്ങിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ വധുവിന്റെ വീട്ടുകാർ സമയം വൈകിപ്പിക്കുകയും ഓരോ ഒഴിവുകഴിവുകൾ പറയുകയും ചെയ്തു തുടങ്ങി. വധു നേരത്തെ തന്നെ സ്ഥലത്ത് നിന്ന് ഒളിച്ചോടിയിരുന്നുവെന്നും വധുവിന്റെ വീട്ടുകാർ അത് ഒളിച്ചുവെക്കുകയായിരുന്നുവെന്നും വരന്റെ വീട്ടുകാര്‍ പറഞ്ഞു. ഈ സണയത്ത് മറ്റ് ചടങ്ങുകൾ പറഞ്ഞ് എല്ലാവരെയും തിരക്കിലാക്കാൻ വധുവിന്റെ വീട്ടുകാർ ശ്രമിച്ചു. വധുവിന്റെ സഹോദരിമാർ ‘ജൂത്താ ചോരി’ (ചെരിപ്പ് ഒളിപ്പിക്കൽ) ചടങ്ങും നടത്തിയെന്ന് വരൻ പറഞ്ഞു.
കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം, വരന്റെ വീട്ടുകാരെ ഞെട്ടിച്ച് വധുവിന്റെ വീട്ടുകാർ അവൾ ഒളിച്ചോടിപ്പോയ വിവരം വെളിപ്പെടുത്തി. വിവാഹ സമയത്ത് സമ്മാനമായി കിട്ടിയ എല്ലാ ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും വധു മോഷ്ടിച്ചതായും അവർ അറിയിച്ചു.
പോലീസ് നടപടി
വരന്റെ വീട്ടുകാർ വധുവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഞെട്ടിക്കുന്ന മറ്റൊരുകാര്യം എന്തെന്നാൽ, ഈ യുവതി നേരത്തെയും ഒരു യുവാവിനൊപ്പം ഒളിച്ചോടി പോയിട്ടുണ്ട് എന്ന് ബാങ്കി സ്റ്റേഷൻ ഇൻ ചാർജ് മിഥിലേഷ് ചൗഹാൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും മൊബൈൽ ഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.




