Crime

ലഹരി നല്‍കിയെന്ന കേസില്‍ ട്വിസ്റ്റ്; 14കാരന്‍ മൊഴിമാറ്റി; അമ്മൂമ്മയുടെ ആണ്‍സുഹൃത്തിനെ വെറുതെവിട്ടു

അമ്മൂമ്മയുടെ ആണ്‍സുഹൃത്ത്‌ നിര്‍ബന്ധിച്ചു ലഹരി നല്‍കിയെന്ന പരാതിയില്‍ പതിനാലുകാരന്‍ മൊഴിമാറ്റി. മുത്തശിയുടെ സുഹൃത്ത്‌ ലഹരി നല്‍കിയിട്ടില്ലെന്നു കുട്ടി പറഞ്ഞതോടെ കസ്‌റ്റഡിയിലെടുത്ത പ്രതിയെ പോലീസ്‌ വെറുതെ വിട്ടു.

പതിനാലുകാരന്‌ പ്രതിയായ പ്രവീണ്‍ മദ്യവും കഞ്ചാവും നല്‍കിയെന്നായിരുന്നു കേസ്‌. അച്‌ഛന്‍ മരിക്കുകയും അമ്മ രണ്ടാംവിവാഹം കഴിക്കുകയും ചെയ്‌തതോടെ മറ്റാരു വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണു കുട്ടി താമസിച്ചിരുന്നത്‌. പ്രതി തനിക്കു പലതവണ മദ്യം നല്‍കിയതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.

വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ പ്രവീണ്‍ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചെന്നാണു കുട്ടി പറഞ്ഞിരുന്നത്‌. തന്റെ ജന്മദിനത്തില്‍ ഇയാള്‍ ഭീഷണിപ്പെടുത്തി കഞ്ചാവ്‌ വലിപ്പിച്ചെന്നും മൊഴി നല്‍കിയിരുന്നു. കുടുംബപ്രശ്‌നമാകാം കുട്ടി ആദ്യപരാതി ഉന്നയിക്കാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. കൂട്ടുകാരില്‍നിന്നു വിവരങ്ങളറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ്‌ പ്രവീണിനെതിരേ പരാതി നല്‍കിയിരുന്നത്‌.

കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോള്‍ എറണാകുളം നോര്‍ത്ത്‌ പോലീസാണ്‌ പ്രവീണിനെ അറസ്‌റ്റ് ചെയ്‌തത്‌. നിര്‍ബന്ധിപ്പിച്ച്‌ മദ്യവും ലഹരിവസ്‌തുക്കളും കുട്ടിക്കു നല്‍കിയതിന്‌ ബാലനീതി നിയമപ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു ബി.എന്‍.എസ്‌. പ്രകാരവുമാണു പ്രബിനെതിരേ കേസെടുത്തിരുന്നത്.