Crime

എയിഡ്സ് രോഗിയുള്‍പ്പെടെ 50പേര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് ഫ്രഞ്ച് വനിത, പീഡനം ഭര്‍ത്താവിന്റെ സമ്മതത്തോടെ

പാരീസ്: ഒരു ദശകത്തിലേറെയായി ഭര്‍ത്താവിന്റെ സമ്മതത്തോടെ മയക്കുമരുന്ന് നൽകി തന്നെ അമ്പതോളംപേര്‍ ബലാത്സംഗം ചെയ്തതെന്ന് 72 വയസുകാരിയായ ഫ്രഞ്ച് വനിത. ഒരു തുണിപ്പാവയെപ്പോലെയും ചവറ്റുകുട്ടയെപ്പോലെയുമാണ് അവര്‍ തന്നെ കണക്കാക്കിയതെന്നും ദുരാചാരത്തിന്റെ ബലിപീഠത്തില്‍ താന്‍ ബലിയര്‍പ്പിക്കപ്പെട്ടെന്നും ഗിസെലെ പെലിക്കോട്ട് എന്ന വനിത കോടതിയില്‍ പറഞ്ഞു.

ഭാര്യക്കു മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മറ്റു പുരുഷന്‍മാരെക്കൊണ്ടു ബലാല്‍സംഗം ചെയ്യിച്ചതായി ഇവരുടെ ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ട് (71) സമ്മതിച്ചിരുന്നു.

പത്തു വര്‍ഷത്തിനിടെ ഇവരുടെ വീട്ടില്‍വച്ച് അമ്പതോളംപേരാണ് ഇവരെ ബലാത്സംഗം ചെയ്തത്. നൂറു തവണയോളം പീഡനത്തിനിരയായി. പീഡനദൃശ്യങ്ങള്‍ ഭര്‍ത്താവ് ചിത്രീകരിക്കുകയും ചെയ്തു. ആയിരക്കണക്കിനു ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു.
‘ ഞാന്‍ ദുരാചാരത്തിന്റെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കപ്പെട്ടു … അവര്‍ എന്നെ ഒരു തുണിപ്പാവയെപ്പോലെ, ഒരു മാലിന്യ സഞ്ചി പോലെയാണ് കണക്കാക്കിയത്. ഇനി എനിക്ക് വ്യക്തിത്വമില്ല. എന്റെ ജീവിതം തിരിച്ചുകിട്ടില്ല. ഞാന്‍ പൂര്‍ണമായും തകര്‍ന്നു. എച്ച്.ഐ.വി. ബാധിതനായ ഒരാള്‍ എന്നെ ആറ് തവണയെങ്കിലും പീഡിപ്പിച്ചിട്ടുണ്ട്’- ഗിസെലെ പെലിക്കോട്ട് പറഞ്ഞു. 2011-2020 കാലഘട്ടത്തിലാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2020 നവംബറില്‍ തെക്കന്‍ ഫ്രാന്‍സിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന ഡൊമിനിക് പെലിക്കോട്ടിനെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച യുഎസ്ബി ഡ്രൈവിൽ ദുരുപയോഗം എന്നെഴുതിയ ഫയൽ പൊലീസ് കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവ് പരിശോധിച്ചപ്പോൾ, ഏകദേശം 100 തവണ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ 20,000 ചിത്രങ്ങളും ചിത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി.

പ്രതിയായ ഭര്‍ത്താവ് ഉറക്കഗുളികകളും മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകളും പൊടിച്ച് ഭക്ഷണത്തിലോ വീഞ്ഞിലോ കലര്‍ത്തി ഭാര്യക്കു നല്‍കി ബോധംകെടുത്തുകയായിരുന്നു. തുടര്‍ന്നു ബലാത്സംഗം ചെയ്യാനായി ആളുകളെ വിളിച്ചുവരുത്തും. സംഭവത്തില്‍ ഡൊമിനിക് പെലിക്കോട്ടും 26 നും 74 നും ഇടയില്‍ പ്രായമുള്ള മറ്റ് 50 പുരുഷന്മാരും വിചാരണ നേരിടുകയാണ്.