മുംബൈ: സംഗീതപരിപാടിക്കിടെ അമിതമായ അളവിൽ മദ്യം ഉള്ളിൽച്ചെന്ന് യുവാവ് മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈ വർളിയിലെ എൻ.എസ്.സി.ഐ. ഡോമിൽ ശനിയാഴ്ച രാത്രി നടന്ന സംഗീത പരിപാടിക്കിടെയാണ് ഈ ദരുരന്ത സംഭവം ഉണ്ടായത്.
മാഹിം സ്വദേശിയായ വൃഷഭ് ഗാങ്ഗുർഡെ (28), ഇയാളുടെ പെൺസുഹൃത്ത് എന്നിവരെയാണ് അമിതമായി മദ്യം കഴിച്ച് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. പരിപാടിക്കിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇരുവരെയും ഉടൻ തന്നെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൃഷഭ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ജാസ്ലോക് ആശുപത്രിയിലേക്ക് മാറ്റിയ യുവതി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. അമിത അളവിൽ മദ്യവും എനർജി ഡ്രിങ്കും മാത്രമാണ് തങ്ങൾ കഴിച്ചതെന്നാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി.
വൃഷഭിന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഗീതപരിപാടി നടന്ന ഹാളിലെയും പരിസരത്തെയും സി.സി.ടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. അമിത മദ്യപാനത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും വിശദമായ പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷമേ മരണകാരണത്തിൽ കൃത്യമായ സ്ഥിരീകരണമുണ്ടാകൂ എന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷം മുംബൈയിൽ ഉണ്ടാകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. മുംബൈയിലെ തന്നെ നെസ്കോ സെന്ററിൽ നടന്ന മറ്റൊരു സംഗീത പരിപാടിക്കിടെ അമിത അളവിൽ മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് എം.ബി.എ. വിദ്യാർഥികൾ ഏപ്രിലിൽ മരണപ്പെട്ടിരുന്നു. ഈ ഗുർഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വർളിയിൽ നടന്ന സംഗീത പരിപാടിക്ക് തുടക്കത്തിൽ പോലീസ് അനുമതി നിഷേധിച്ചിരുന്നതുമാണ്.
എന്നാൽ, ഉയർന്ന ഉദ്യോഗസ്ഥരുടെ ഇടപെടലുകളെത്തുടർന്ന് പിന്നീട് കർശന ഉപാധികളോടെ പരിപാടിക്ക് അനുമതി നൽകുകയായിരുന്നു. പരിപാടി നടന്ന സ്ഥലത്ത് എക്സൈസ് വകുപ്പിന്റെ പ്രത്യേക അനുമതിയോടെ നാല് മദ്യശാലകൾ പ്രവർത്തിച്ചിരുന്നു. വൈകിട്ട് ആറ് മണി മുതൽ രാത്രി പത്ത് മണി വരെയായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. 4000 രൂപയായിരുന്നു ഇതിന്റെ പ്രവേശന ടിക്കറ്റ് നിരക്ക്.
സംഭവവുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകർ ഉൾപ്പെടെ എട്ടുപേരെ പോലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റഴിക്കാനുള്ള സാധ്യത മുൻനിർത്തി സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഗീതപരിപാടിയുടെ മറവിൽ നിരോധിത ലഹരിവിരുന്ന് നടന്നിട്ടുണ്ടോ എന്നും പരിശോധനകൾക്കായി സ്വകാര്യ സുരക്ഷാ ജീവനക്കാരെയും ബൗൺസർമാരെയും നിയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.




