ബാത്റൂമിൽ കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ബാൽക്കണിയിൽ ഒരു ടോയ്‌ലറ്റ് സീറ്റ് ഉണ്ടായാൽ എങ്ങനെയിരിക്കും? ബെംഗളൂരുവിലെ രണ്ട് യുവതികൾ തങ്ങളുടെ അപ്പാർട്ട്മെന്റ് പരിചയപ്പെടുത്തുന്ന ഒരു വിചിത്രമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും, അയൽപക്കത്തെ കാഴ്‌ചകൾ മുഴുവൻ കാണാൻ സാധിക്കുന്ന രീതിയിൽ ബാൽക്കണിയിലാണ് ഈ ഫ്ലാറ്റിലെ ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നത്.
വെറുതെ ഒരു ഭംഗിക്ക് വെച്ചതല്ല ഇത്, മറിച്ച് ഫ്ലഷ് ടാങ്കും ജെറ്റ് സ്‌പ്രേയുമെല്ലാമുള്ള പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ക്ലോസറ്റാണിത്. ഈ വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും ആളുകളെ അത്ഭുതപ്പെടുത്തുകയും ചെയ്‌തു. യാതൊരുവിധ സ്വകാര്യതയുമില്ലാത്തതിനാൽ ഇത് ഉപയോഗിക്കുന്നത് അസാധ്യമാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, ഭൂരിഭാഗം പേരും ഇതിനെ തമാശയായിട്ടാണ് കണ്ടത്. എന്നാൽ ഈ വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
‘സത്യാശ്രീ’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ രണ്ട് ദിവസം മുൻപ് പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ‘പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് പ്രകൃതിവിളിക്കുത്തരം നൽകാം’ എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ തമാശയായി കമന്റ് ചെയ്‌തത്. എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ആവശ്യമില്ലാത്തതും ചൂടും ഈർപ്പവും തങ്ങിനിൽക്കാത്തതുമായ ഒരു മികച്ച കണ്ടുപിടുത്തമാണിതെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.
തുറന്ന ചിന്താഗതിയുള്ള ഇന്നത്തെ സമൂഹത്തിൽ ഇനി ഇങ്ങനെയുള്ള പല കാഴ്‌ചകളും കാണേണ്ടി വരുമെന്നും, ബാത്റൂമുകൾ പോലും ഇപ്പോൾ പൂർണ്ണമായും തുറസ്സായ രീതിയിലാണ് നിർമ്മിക്കുന്നതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. റൂം ഫ്രഷ്‌നറോ ഒഡോണിലോ വാങ്ങാനുള്ള പണം ഇതിലൂടെ ലാഭിക്കാമെന്നാണ് വേറൊരു വ്യക്തി പരിഹാസത്തോടെ കമന്റ് ചെയ്‌തത്.




