Crime Featured

സ്‌ത്രീകളടക്കമുള്ള യുവാക്കള്‍ നിരന്തരം വീട്ടില്‍; MDMAയുമായി ബ്യൂട്ടീഷ്യനായ യുവതിയടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍

ഹരിപ്പാട്‌: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ വിതരണത്തിനെത്തിച്ച എം. ഡി.എം.എ പിടികൂടി. ബ്യൂട്ടീഷ്യനായ യുവതിയടക്കം മൂന്നുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി 14.25 ഗ്രാം എം.ഡി.എം.എയാണ്‌ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന്‌ പിടിച്ചെടുത്തത്‌. മുട്ടം ചേപ്പാട്‌ കണ്ടത്തില്‍ പറമ്പില്‍ നൗഫിയ(30), പാനൂര്‍, പല്ലന പുതുവന ലക്ഷം വീട്ടില്‍ സാജിദ്‌ (25) , സ്വകാര്യ ബസിലെ ജീവനക്കാരന്‍ ആറാട്ടുപുഴ മംഗലം ഇടവീട്ടില്‍ കാശിനാഥന്‍ (19) എന്നിവരാണ്‌ പിടിയിലായത്‌.

നൗഫിയ വാടകയ്‌ക്ക്‌ താമസിക്കുന്ന ഏവൂര്‍ വടക്കും മുറിയിലെ പുന്നൂര്‍ കിഴക്കേതില്‍ വീട്ടില്‍നിന്നാണ്‌ 7.25 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്‌. ഇവര്‍ മയക്കുമരുന്ന്‌ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന്‌ മാസങ്ങളായി പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. സ്‌ത്രീകളടക്കമുള്ള യുവാക്കള്‍ നിരന്തരമായി ഇവരുടെ വീട്ടിലെത്തി പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ലഹരിമരുന്ന്‌ പിടികൂടിയത്‌.

ഇവര്‍ക്ക്‌ ലഹരി എത്തിച്ചു നല്‍കിയ അടുത്ത സുഹൃത്തിനെ ഉടന്‍ പിടികൂടുമെന്ന്‌ പൊലീസ്‌ അറിയിച്ചു. തൃക്കുന്നപ്പുഴ പാനൂര്‍ പുത്തന്‍പുര ജംഗ്‌ഷനില്‍ വെച്ചാണ്‌ സാജിദ്‌, കാശിനാഥന്‍ എന്നിവരെ ഏഴ്‌ ഗ്രാം എം.ഡി.എം.എയുമായി ലഹരി വിരുദ്ധ സ്‌ക്വാഡ്‌ പിടികൂടിയത്‌. ശനിയാഴ്‌ച രാത്രി എട്ടരയോടെ രാസ ലഹരിയുമായി പുത്തന്‍പുര ജംഗ്‌ഷന്‌ പടിഞ്ഞാറുള്ള വീട്ടിലേക്ക്‌ വന്ന സാജിദിനേയും കൂടെയുണ്ടായിരുന്ന കാശിനാഥനേയും രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പിന്നാലെ എത്തിയ ലഹരിവിരുദ്ധ സ്‌ക്വാഡ്‌ വീടിന്‌ മുന്നില്‍ പിടികൂടുകയായിരുന്നു.
ക്രിസ്‌മസ്‌ – പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലുടനീളം ലഹരി വിരുദ്ധ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്‌.

കായംകുളം ഡി.വൈ.എസ്‌.പി ബിനുകുമാര്‍ നാര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌. പി. പങ്കജാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി. ഐ. ലാല്‍ സി. ബേബി, എസ്‌. ഐമാരായ ശ്രീകുമാരക്കുറുപ്പ്‌, അജിത്ത്‌, അഡീഷണല്‍ എസ്‌. ഐമാരായ വിനോദ്‌, അനീഷ്‌, എസ്‌.സി.പി.ഓമാരായ സേതുനാഥ്‌, ശ്രീമോന്‍, സുബിന, വിഷ്‌ണു എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌.