Featured Good News

ഈ കുടുംബത്തി​ന്റെ സമ്പാദ്യം മിനിറ്റിൽ 3കോടി, തുടങ്ങിയത് ഉപ്പും മഞ്ഞളും വിറ്റ്, എലോൺ മസ്‌കിനേക്കാള്‍ ആസ്തി

സാം വാൾട്ടൺ എന്നത് വിജയിച്ച ഒരു ജീവിതം മാത്രമല്ല, ഷോപ്പിംഗ് ലോകത്തെ മാറ്റിമറിച്ച പേരാണ്. കഠിനാധ്വാനം, ബുദ്ധിപരമായ ചിന്ത, വ്യക്തമായ കാഴ്ചപ്പാട് എന്നിവ മൂലധനമാക്കി അദ്ദേഹം ഒരു ചെറിയ സ്റ്റോർ ആരംഭിച്ചു. അത് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടായി മാറി. 2024 ഡിസംബർ വരെ, വാൾട്ടൺ കുടുംബത്തിന്റെ മൊത്തം സമ്പത്ത് ഏകദേശം 432.4 ബില്യൺ യുഎസ് ഡോളറിലെത്തി.

ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായി അറിയപ്പെടുന്ന എലോൺ മസ്‌കിന്റെ ആസ്തിയേക്കാൾ കൂടുതലാണ് അത്. ഇതുവരെ, ഗൾഫ് രാജ്യങ്ങളിലെ രാജകുടുംബങ്ങളെയാണ് ഏറ്റവും ധനികരായിട്ടാണ് കണ്ടിരുന്നത്. എന്നാൽ വാൾട്ടൺ കുടുംബം അവരെ മറികടന്നു. ഇന്ന്, കുടുംബം ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് ഏകദേശം 3 കോടി രൂപയാണ്.

ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനി ആരംഭിച്ചത് ഉപ്പും മഞ്ഞളും പോലുള്ള നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയിൽ നിന്നാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. ഒരു ലളിതമായ കർഷക കുടുംബത്തിൽ ജനിച്ച സാം വാൾട്ടന്റെ കഥയാണിത്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്റ്റോറുകൾ സ്ഥാപിക്കുന്നതിലും കുറഞ്ഞ വിലയ്ക്ക് നല്ല നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് നല്‍കുന്നതിനും അദ്ദേഹം ശ്രദ്ധവച്ചു. ആ ആശയം വിജയിച്ചു, അദ്ദേഹത്തിന്റെ സ്റ്റോറുകൾ പതുക്കെ ലോകമെമ്പാടും വ്യാപിച്ചു.

1918 മാർച്ച് 29 ന് അമേരിക്കയിലെ ഒക്ലഹോമയിലെ കിംഗ്ഫിഷർ എന്ന ചെറിയ പട്ടണത്തിലാണ് സാം വാൾട്ടൺ ജനിച്ചത്. ചെറുപ്പം മുതൽ തന്നെ പത്രങ്ങൾ വിതരണം ചെയ്യുക, പാൽ വിൽക്കുക, മാസിക വില്‍പ്പന തുടങ്ങി നിരവധി ചെറിയ ജോലികൾ അദ്ദേഹം ചെയ്തിരുന്നു. ഹൈസ്‌കൂളിൽ, പല കാര്യങ്ങളിലും മിടുക്കനായിരുന്നതിനാൽ അദ്ദേഹം “ഏറ്റവും മിടുക്കാനായ ആൺകുട്ടി” എന്നറിയപ്പെട്ടു.

മിസോറി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രം പഠിച്ച അദ്ദേഹം 1940 ൽ ബിരുദം നേടി. അതിനുശേഷം, ജെ സി പെന്നി എന്ന റീട്ടെയിൽ സ്റ്റോറിൽ ജോലി ലഭിച്ചു. അവിടെ അദ്ദേഹത്തിന് പ്രതിമാസം 75 യുഎസ് ഡോളർ മാത്രമായിരുന്നു ശമ്പളം. പിന്നീട് രണ്ടാം ലോക മഹായുദ്ധസമയത്ത് അദ്ദേഹം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു.

1945-ൽ, ഭാര്യ ഹെലന്റെ സമ്പാദ്യത്തിൽ നിന്നും കടം വാങ്ങിയ പണത്തിൽ നിന്നും ലഭിച്ച 25,000 യുഎസ് ഡോളർ വായ്പ ഉപയോഗിച്ച് സാം ഒരു ചെറിയ കട വാങ്ങി. ആ ചെറിയ തുടക്കം ഒരു ആഗോള റീട്ടെയിൽ സാമ്രാജ്യമായി മാറി. അർക്കാൻസാസിലെ ന്യൂപോർട്ടിൽ ഒരു ചെറിയ കടയിലായിരുന്നു സാം വാൾട്ടൺ തുടക്കം കുറിച്ചത്. കുറഞ്ഞ വിലയ്ക്കും വലിയ അളവിലും സാധനങ്ങൾ വിറ്റാലും നല്ല ലാഭം നേടാൻ കഴിയുമെന്ന് സാം വിശ്വസിച്ചു. ഈ ലളിതമായ ആശയം അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനമായി മാറി.

1960കളുടെ തുടക്കത്തിൽ, സാമും സഹോദരൻ ജെയിംസ് ബഡ് വാൾട്ടണും ചേർന്ന് 15 ബെൻ ഫ്രാങ്ക്ലിൻ സ്റ്റോറുകളുടെ ഒരു ചെറിയ ശൃംഖല ആരംഭിച്ചു. ചെറിയ പട്ടണങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ ഈ സ്റ്റോറുകൾ അവരെ സഹായിക്കുകയും ബിസിനസ്സ് നടത്തുന്നതിൽ അവർക്ക് വിലപ്പെട്ട അനുഭവപരിചയം നൽകുകയും ചെയ്തു.

എന്നാല്‍, സാമിന് ഒരു പുതിയ പദ്ധതി ഉണ്ടായിരുന്നു, ചെറിയ പട്ടണങ്ങളിൽ ഡിസ്കൗണ്ട് സ്റ്റോറുകൾ തുറക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ബെൻ ഫ്രാങ്ക്ലിൻ കമ്പനിയുമായി അദ്ദേഹം ഈ ആശയം പങ്കുവെച്ചു. പക്ഷേ അവർ അത് നിരസിച്ചു. ഇതിനുശേഷം, സാം സ്വന്തം വഴിക്ക് പോകാൻ തീരുമാനിച്ചു. വലിയ റിസ്ക് എടുത്ത് സ്വന്തമായി ഡിസ്കൗണ്ട് സ്റ്റോറുകളുടെ ശൃംഖല അദ്ദേഹം ആരംഭിച്ചു. അങ്ങനെയാണ് വാൾമാർട്ട് പിറന്നത്.

1962 ജൂലൈ 2-ന്, സാം വാൾട്ടൺ അർക്കാൻസാസിലെ റോജേഴ്‌സിൽ ആദ്യത്തെ വാൾമാർട്ട് സ്റ്റോർ തുറന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം ലളിതമായിരുന്നു: ആളുകൾക്ക് ആവശ്യമായതെല്ലാം കുറഞ്ഞ വിലയ്ക്ക്, ആഡംബര സജ്ജീകരണങ്ങളൊന്നുമില്ലാതെ നൽകുക. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി മിക്കവാറും എല്ലാ സാധനങ്ങളും മൊത്തവിലയ്ക്ക് ആ കടയിൽ വിറ്റു.

ബിസിനസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, സാം വലിയ വെയർഹൗസുകളും വേഗത്തിലുള്ള വിതരണ സംവിധാനവും സ്ഥാപിച്ചു. ഈ സ്മാർട്ട് സിസ്റ്റം പിന്നീട് “വാൾമാർട്ട് ഇഫക്റ്റ്” എന്നറിയപ്പെട്ടു. ലോകമെമ്പാടും റീട്ടെയിൽ പ്രവർത്തിക്കുന്ന രീതിയെ ഇത് മാറ്റിമറിച്ചു.

1962 ൽ ആദ്യത്തെ വാൾമാർട്ട് സ്റ്റോർ തുറന്നതിനുശേഷം, ബിസിനസ്സ് അതിവേഗം വളർന്നു. 1969 ആയപ്പോഴേക്കും, വെറും 7 വർഷത്തിനുശേഷം, വാൾട്ടൺ കുടുംബത്തിന് 18 സ്റ്റോറുകൾ ഉണ്ടായിരുന്നു. വാർഷിക വിൽപ്പന 30 മില്യൺ യുഎസ് ഡോളർ കവിഞ്ഞു. 1970 ൽ, വാൾമാർട്ട് ഓഹരി വിപണിയിൽ പ്രവേശിച്ച് ബിസിനസ് വികസിപ്പിക്കുന്നതിനായി പണം സ്വരൂപിച്ചു. 1979 ആയപ്പോഴേക്കും കമ്പനിക്ക് 276 സ്റ്റോറുകൾ ഉണ്ടായിരുന്നു, വാർഷിക വിൽപ്പന 1 ബില്യൺ യുഎസ് ഡോളർ കവിഞ്ഞു.

1980-കളിൽ, സാം വാൾട്ടൺ സാംസ് ക്ലബ് എന്ന അംഗത്വ അധിഷ്ഠിത സ്റ്റോർ അവതരിപ്പിച്ചു, അവിടെ ആളുകൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ മൊത്തമായി വാങ്ങാൻ കഴിയും. തുടർന്ന്, 1988-ൽ, വാൾമാർട്ട് അതിന്റെ ആദ്യത്തെ സൂപ്പർസെന്റർ തുറന്നു. പലചരക്ക് സാധനങ്ങളും പൊതു ഉൽപ്പന്നങ്ങളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ വാങ്ങാനുള്ള സൗകര്യമൊരുക്കി.

1970-കളിൽ, വാൾമാർട്ട് കമ്പ്യൂട്ടറൈസ്ഡ് ബില്ലിംഗ് സംവിധാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. അക്കാലത്ത് അത് അപൂർവമായിരുന്നു. 1987-ൽ, എല്ലാ സ്റ്റോറുകളെയും പ്രധാന ഓഫീസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന, യുഎസിലെ ഏറ്റവും വലിയ സ്വകാര്യ ഉപഗ്രഹ ശൃംഖല കമ്പനി നിർമ്മിച്ചു.

1990 ആയപ്പോഴേക്കും, സിയേഴ്സിനെ മറികടന്ന് വാൾമാർട്ട് യുഎസിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായി മാറി. താമസിയാതെ, അവർ അന്താരാഷ്ട്രതലത്തിൽ സ്റ്റോറുകൾ തുറക്കാൻ തുടങ്ങി. ഇന്ന്, വാൾമാർട്ടിന് ലോകമെമ്പാടും 10,500-ലധികം സ്റ്റോറുകളുണ്ട്, കൂടാതെ ഓരോ വർഷവും 600 ബില്യൺ യുഎസ് ഡോളറിലധികം വിൽപ്പന നേടുന്നു.

2024 ൽ വാൾമാർട്ടിന്റെ ഓഹരി വില 80 ശതമാനം കുതിച്ചുയർന്നു. ഇത് വാൾട്ടൺ കുടുംബത്തിന്റെ സമ്പത്ത് കൂടുതൽ വർദ്ധിപ്പിച്ചു. കമ്പനി ഇപ്പോൾ പ്രതിദിനം ഏകദേശം 1.64 ബില്യൺ യുഎസ് ഡോളറിന്റെ സാധനങ്ങൾ വിൽക്കുന്നു, ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ അതിന്റെ സ്റ്റോറുകളിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഷോപ്പിംഗ് നടത്തുന്നു. ജെറ്റ്.കോം പോലുള്ള കമ്പനികളെ ഏറ്റെടുത്തുകൊണ്ട് വാൾമാർട്ട് ഇ-കൊമേഴ്‌സിലും തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഓൺലൈൻ ഭീമന്മാരുമായി മത്സരിക്കാൻ സഹായിക്കുന്നു.

1992-ൽ 74-ാം വയസ്സിൽ കാൻസർ ബാധിച്ച് സാം വാൾട്ടൺ അന്തരിച്ചു. ആ സമയത്ത്, വാൾമാർട്ട് ഇതിനകം 50 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഒരു കമ്പനിയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹെലനും അവരുടെ മക്കളായ റോബ്, ജോൺ, ജിം, ആലീസ് വാൾട്ടൺ എന്നിവർ ചേര്‍ന്ന് ബിസിനസിനെ മുന്നോട്ട് കൊണ്ടുപോയി.

റോബ് വാൾട്ടൺ 2015 വരെ ചെയർമാനായി സേവനമനുഷ്ഠിച്ചു. കുടുംബ ഉടമസ്ഥതയിലുള്ള ആർവെസ്റ്റ് ബാങ്ക് കൈകാര്യം ചെയ്യുന്നത് ജിം വാൾട്ടൺ ആണ്. കലയോടുള്ള സ്നേഹത്തിന് പേരുകേട്ട ആലീസ് വാൾട്ടൺ ക്രിസ്റ്റൽ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ട് സ്ഥാപിച്ചു.
ബഡ് വാൾട്ടന്റെ പെൺമക്കളായ ആനും നാൻസിയും സ്പോർട്സ്, വിനോദ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇന്നും വാൾമാർട്ടിന്റെ 45 ശതമാനം ഓഹരികളും വാൾട്ടൺ കുടുംബത്തിന്റെ കൈവശമാണ്.

1987-ൽ സാമും ഹെലൻ വാൾട്ടണും ചേർന്ന് ആരംഭിച്ച വാൾട്ടൺ ഫാമിലി ഫൗണ്ടേഷൻ, വിദ്യാഭ്യാസം, പരിസ്ഥിതി, സമൂഹ വികസനം തുടങ്ങിയ വിഷയങ്ങൾക്കായി എല്ലാ വർഷവും 500 മില്യൺ യുഎസ് ഡോളറിലധികം നൽകുന്നു. ഉദാഹരണത്തിന്, അവർ അർക്കൻസാസ് സർവകലാശാലയ്ക്ക് 300 മില്യൺ യുഎസ് ഡോളർ നൽകി, കൂടാതെ യുഎസിലുടനീളമുള്ള നിരവധി ചാർട്ടർ സ്കൂളുകളെയും അവർ പിന്തുണയ്ക്കുന്നു.