ആഢംബര ഭവനം ഉണ്ടാക്കാനായി സമ്പന്നരായ യുവാക്കളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രീതി പിടിച്ചുപറ്റിയശേഷം അവരെ കൊള്ളയടിക്കുകയും ചെയ്തിരുന്ന യുവതി അറസ്റ്റിലായി. ചൈനയിലെ 24 കാരിയെയാണ് പോലീസ് പൊക്കിയത്. കൂറ്റന്‍ വീട് ഉണ്ടാക്കാനായി 1.4 മില്യണ്‍ ഡോളര്‍ സമ്പാദിക്കാനുള്ള വിപുലമായ പദ്ധതി ചുരുളഴിഞ്ഞതിനെത്തുടര്‍ന്നാണ് യിന്‍ സ്യൂ എന്ന യുവതി അറസ്റ്റിലായത്.
ഷെന്‍ഷെനിലെ നഗരത്തില്‍ ഒരു വീട് വാങ്ങി അവിടെ കുടുംബത്തോടൊപ്പം താമസിക്കണമെന്നായിരുന്നു യുവതി ആഗ്രഹിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇതിനായി പണം കണ്ടെത്താനായിരുന്നു ഉദ്ദേശം.. ഇതിനായി വഞ്ചനയുടെയും മോഷണത്തിന്റെയും പാത അവര്‍ തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍, ബീജിംഗിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത യുവതി പിന്നീട് സെയില്‍സ് അസിസ്റ്റന്റ്, മോഡല്‍, ലൈവ് സ്ട്രീമര്‍ എന്നീ നിലകളിലും പണം സമ്പാദിക്കാന്‍ നോക്കി. എന്നാല്‍ ഇതൊന്നും പോരാതെ വന്നതോടെയാണ് സമ്പന്നരായ പുരുഷന്മാരെ വളയ്ക്കുക എന്ന തന്ത്രത്തിലേക്ക് എത്തിയത്.
2021-ല്‍, അവള്‍ ഷാങ്ഹായിലേക്ക് മാറുകയും പ്രത്യേക സോഷ്യല്‍, ഡേറ്റിംഗ് ചാറ്റ് ഗ്രൂപ്പുകളില്‍ അംഗമാകുകയും ചെയ്തു. പിന്നീട് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി സുന്ദരിയും ധനികയുമായ സ്ത്രീയായി രൂപംമാറ്റി. കര്‍ശനമായ ഫിറ്റ്‌നസ് വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും സമ്പന്നരുടെ ആഡംബര ഡൈനിംഗ് മര്യാദകള്‍ പഠിക്കുകയും ചെയ്തു. പിന്നീട് ഈ കഴിവുകള്‍ ഉപയോഗിച്ച് അവള്‍ സമ്പന്നരായ പുരുഷന്മാരുമായി ഡേറ്റിംഗ് ആരംഭിക്കുകയും അവരുടെ ആഡംബര വീടുകളില്‍ താമസമാക്കുകയും ചെയ്തു.
ഒരിക്കല്‍ പരിചയപ്പെടുന്നവരുമായി സഹവസിക്കുകയും പിന്നാലെ അവരെ കൊള്ളയടിക്കുകയും ചെയ്തു. ഡിസൈനര്‍ ബെല്‍റ്റുകളും ഹാന്‍ഡ്ബാഗുകളും മുതല്‍ ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും വരെ യുവതി മോഷ്ടിച്ചു. തുടര്‍ന്ന് അവള്‍ മോഷ്ടിച്ച വസ്തുക്കള്‍ സെക്കന്‍ഡ് ഹാന്‍ഡ് പ്ലാറ്റ്ഫോമുകള്‍ വഴി ഓണ്‍ലൈനില്‍ വില്‍പ്പന നടത്തി. ഇങ്ങിനെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത് എട്ട് പുരുഷന്മാരില്‍ നിന്ന് 30,000 ഡോളറിലധികം മോഷ്ടിക്കാന്‍ യിന് കഴിഞ്ഞു. ഇരകളില്‍ ഭൂരിഭാഗവും നാണക്കേട് കാരണം നിശബ്ദത പാലിച്ചെങ്കിലും ഒമ്പതാമത്തെ ഇരയുടെ മുന്നില്‍ അവള്‍ കുടുങ്ങി.
ഇര തന്റെ വീടിനുള്ളില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചതോടെയാണ് കുടുങ്ങിയത്. കാമുകി തന്റെ വീട് കൊള്ളയടിക്കുന്നത് കാമുകന്‍ ഞെട്ടലോടെ നോക്കിനിന്നു. അധികം താമസിയാതെ യിന്‍ അറസ്റ്റിലാവുകയും മോഷണത്തിനും വഞ്ചനയ്ക്കും കേസെടുക്കുകയും ചെയ്തു. മോഷണങ്ങള്‍ക്ക് ഇടയിലും തന്റെ സ്വപ്‌നത്തിലേക്ക് സമ്പാദ്യം സ്വരൂപിച്ചു. മിതവ്യയ ജീവിതത്തോടെ പണം വളരെ സൂഷ്മതയോടെ ചെലവഴിച്ചു. ”എനിക്ക് ഒരു വീട് വാങ്ങാന്‍ പണം മാത്രമേ ആവശ്യമുള്ളൂ. ഞാന്‍ അശ്രദ്ധമായി ഒന്നും ചെലവാക്കിയിട്ടില്ല. ഒരു പുരുഷനെയും ആശ്രയിക്കാന്‍ ഞാന്‍ ഒരിക്കലും പദ്ധതിയിട്ടിട്ടില്ല.” അവള്‍ പോലീസിനോട് പറഞ്ഞു.




