Healthy Food

വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരിയ്ക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല

ഭക്ഷണം കഴിച്ച ശേഷം ഉടന്‍ തന്നെ വ്യായാമം ചെയ്യാന്‍ പാടില്ല. വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് ചെയ്യാന്‍ സമയവും സന്ദര്‍ഭവും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണം കഴിച്ചയുടന്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ ദഹനം മെച്ചപ്പെടുമെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഭക്ഷണം കഴിച്ചയുടന്‍ തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കാം…

  • നട്ട്‌സ് – കശുവണ്ടി, ബദാം തുടങ്ങിയവ ആരോഗ്യപ്രദവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ആണെങ്കിലും, വ്യായാമത്തിന് മുന്‍പായി ഇവ കഴിക്കുന്നത് ഒഴിവാക്കുക. ഇതില്‍ കൊഴുപ്പ് അടങ്ങിയിട്ടുള്ളതും, ഇതിലെ പോഷകങ്ങള്‍ ദഹനത്തെ സാവധാനം ആക്കുന്നതും മൂലം, ഇവ വ്യായാമത്തിന് മുന്‍പായി എത്ര കൂടുതല്‍ കഴിക്കുന്നുവോ, അത്രയും കൂടുതല്‍ നേരം ഇവ ദഹിക്കുവാന്‍ സമയമെടുക്കും. ഇത് വ്യായാമത്തെ സാരമായി ബാധിക്കുകയും ചെയ്യും. അതിനാല്‍, വ്യായാമത്തിന് മുന്‍പ് കഴിക്കേണ്ട ആഹാരാക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തണം എന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധം ഉണ്ടെങ്കില്‍, വ്യായാമത്തിന് ഒന്നര മണിക്കൂര്‍ മുന്‍പേ തന്നെ കഴിക്കുക
  • ഗ്യാസ് നിറച്ച പാനീയങ്ങള്‍ – ഗ്യാസ് നിറച്ച പാനീയങ്ങള്‍ കുടിച്ച് വ്യായാമം ചെയ്താല്‍, വ്യായാമത്തിനിടെ വയറില്‍ കൊളുത്തിപ്പിടുത്തവും മനംപിരട്ടലും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. കൂടാതെ, പഞ്ചസാര അടങ്ങിയ ഗ്യാസ് നിറച്ച പാനീയങ്ങള്‍ വ്യായാമത്തിന് മുന്‍പ് കുടിച്ചാല്‍, അത് വ്യായാമത്തിനിടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ അസ്ഥിരപ്പെടുത്തിയേക്കാം. അതിനാല്‍, വ്യായാമത്തിന് മുന്‍പായി ഒരു ഗ്ലാസ്സ് വെറും വെള്ളം മാത്രം കുടിക്കുക. വ്യായാമം ചെയ്യുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുന്‍പ് രണ്ട് – മൂന്ന് ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്.
  • റിഫൈന്‍ഡ് ഷുഗര്‍ – വ്യായാമത്തിനു മുമ്പ് പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കണം. പഞ്ചസാര ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന മധുര പലഹാരങ്ങളിലെ കലോറി, വ്യായാമ നേരങ്ങളില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടക്കത്തില്‍ വര്‍ധിപ്പിക്കാന്‍ കാരണമാകും. മാത്രമല്ല, ഉടനെ തന്നെ ഇത് താഴുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉണ്ടാകുന്ന ഈ വ്യതിയാനം നിങ്ങളില്‍ തളര്‍ച്ച, തലവേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും അതുവഴി നിങ്ങളുടെ വ്യായാമത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
  • എരിവ് കലര്‍ന്ന ഭക്ഷണം – ജിമ്മില്‍ പോകുന്നതിന് മുന്‍പ് എരിവുള്ള ഭക്ഷണങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത്. എരിവ് കലര്‍ന്ന ഭക്ഷണം വ്യായാമ സമയത്ത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും എന്ന് മാത്രമല്ല, വയറില്‍ കൊളുത്തി പിടുത്തവും ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ വ്യായാമത്തിന്റെ വേഗവും ആവേശവും കുറയ്ക്കുകയും ചെയ്യുന്നു.
  • പാലും പാലുത്പന്നങ്ങളും – കിടക്കുന്നതിന് മുന്‍പായി ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് വളരെ നല്ലതാണെങ്കിലും, വ്യായാമത്തിന് മുന്‍പ് പാല്‍ കുടിക്കുന്നത് ഒട്ടും നല്ല കാര്യമല്ല. വയറില്‍ വായുകോപം ഉണ്ടാക്കുവാനും ഓക്കാനം വരാനുമുള്ള സാധ്യത ഉള്ളതിനാല്‍, പാല്‍ കുടിച്ച് വ്യായാമം ചെയ്യുന്നത് ഒട്ടും സുഖകരമായിരിക്കുകയില്ല. പാല്‍, മറ്റ് പാല്‍ ഉല്പന്നങ്ങളായ വെണ്ണ, കട്ടിത്തൈര് എന്നിവയില്‍ ശരീരത്തിന് ആവശ്യമായ കൊഴുപ്പ് വേണ്ട അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍, അത് നിങ്ങള്‍ക്ക് വ്യായാമം കഴിഞ്ഞതിന് ശേഷം കഴിക്കാവുന്നതാണ്. അത് വിയര്‍പ്പൊഴുക്കിയുള്ള കഠിനമായ വ്യായാമത്തിന് ശേഷം നിങ്ങളുടെ ക്ഷീണവും വിശപ്പും ആകറ്റുന്നതാണ്.
  • പയര്‍ – പയര്‍ പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണെങ്കിലും, അവയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനല്‍ കഴിച്ചുകഴിഞ്ഞ് ദഹിക്കുവാന്‍ സമയമെടുക്കും. അതിനാല്‍, വ്യായാമത്തിന് മുന്‍പ് പയര്‍ കഴിക്കുന്നത് വ്യായാമം ചെയ്യുമ്പോള്‍ വയറില്‍ ഗ്യാസ് കയറുന്നതിനു അസ്വസ്ഥതയ്ക്കും കാരണമാകുന്നു. അതിനാല്‍ ഇവ വ്യായാമത്തിന് മുന്‍പ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.