നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ദിവസത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? രാത്രി നമ്മൾ കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ ചിലപ്പോള്‍ തടസ്സപ്പെടുത്തുന്നു. ഒരു ദിവസം പുതിയ ഉണർവോടെ ഉണരാനും, ഉഷാറായി ജോലി ചെയ്യാനും ഒരു വ്യക്തിക്ക് മതിയായ ഉറക്കം ആവശ്യമാണ്.
എന്നാൽ, ചിലപ്പോൾ മണിക്കൂറുകളോളം കിടക്കയിൽ കിടന്നിട്ടും നമുക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്തെക്കെയോ അസ്വസ്ഥത അനുഭവപ്പെടുന്നു, എന്തുകൊണ്ടാണ് ഇത്രയധികം ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തത്? ചിലപ്പോള്‍ ഉറക്കത്തിനിടയിൽ പേടിപ്പെടുത്തുന്നതും ഭയാനകവുമായ സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്നു. എന്താണ് ഇതിന് പിന്നിലെ കാരണം? ഇതിനെക്കുറിച്ച് നടത്തിയ ഒരു ഗവേഷണംഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജിയിൽ കനേഡിയൻ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരുന്നു.
നമ്മുടെ ഭക്ഷണരീതികളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് പഠനം പറയുന്നു. പ്രത്യേകിച്ചും പാലുൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, എരിവുള്ള ഭക്ഷണം എന്നിവ നമ്മുടെ ഉറക്കത്തെ ബാധിക്കുകയും ഉറക്കത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ, ഈ ആഹാരം കാരണം പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും കണ്ടേക്കാം. ഗവേഷണത്തിൽ 1,082 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, അവർ എന്താണ് കഴിക്കുന്നത്, എങ്ങനെയാണ് ഉറങ്ങുന്നത് എന്നിങ്ങനെയുള്ള അവരുടെ ദൈനംദിന കാര്യങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു.
ഇതിൽ ഏകദേശം 41 ശതമാനം വിദ്യാർത്ഥികളും ചില ഭക്ഷണങ്ങൾ കാരണം തങ്ങളുടെ ഉറക്കം തടസ്സപ്പെടുന്നുവെന്ന് പറഞ്ഞു. അതേസമയം, 5.5 ശതമാനം പേർ ഭക്ഷണം തങ്ങളുടെ സ്വപ്നങ്ങളെ മാറ്റുന്നുവെന്ന് പറഞ്ഞു. ഗവേഷണത്തിൽ പങ്കെടുത്ത മൂന്നിലൊന്ന് വിദ്യാർത്ഥികളും തങ്ങൾക്ക് മോശമായതും പേടിപ്പെടുത്തുന്നതുമായ സ്വപ്നങ്ങളുണ്ടെന്ന് സമ്മതിച്ചു.
ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്?
പാൽ, ചീസ്, തൈര്, ഐസ്ക്രീം തുടങ്ങിയ പാലുൽപ്പന്നങ്ങളും ചോക്ലേറ്റുകൾ, കേക്കുകൾ, പേസ്ട്രികൾ, മധുരപലഹാരങ്ങൾ എന്നിവയും എരിവുള്ള കറികൾ, ചട്ണികൾ, ലഘുഭക്ഷണങ്ങൾ എന്നിവയും ആളുകളുടെ ഉറക്കത്തെയും ജീവിതരീതിയെയും ബാധിക്കുമെന്ന് ഗവേഷണത്തിൽ തെളിഞ്ഞു. നേരത്തെ തന്നെ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണ അലർജിയുള്ളവരിൽ ഇതിന്റെ ഫലം കൂടുതൽ പ്രകടമായിരുന്നു.
പാലുൽപ്പന്നങ്ങൾ കഴിച്ച ശേഷം പലർക്കും ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായി. ഇത് കാരണം അവർക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാവുകയോ അല്ലെങ്കിൽ അവരുടെ ഉറക്കം ആവർത്തിച്ച് തടസ്സപ്പെടുകയോ പേടിസ്വപ്നങ്ങൾ ഉണ്ടാവുകയോ ചെയ്തു.



