എഴുപതു വർഷമായി നാല് തലമുറകളെ വലച്ച ഒരു ഭൂമിത്തർക്കത്തിന് സുപ്രീം കോടതിയിൽ അന്തിമ തീർപ്പ്. 1957-ൽ നടന്ന ഭൂമിവില്പന കരാർ പൂർണ്ണമായും നിയമപരമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഈ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള നാസിർപുർ കലാൻ ഗ്രാമത്തിലെ ഒരു ഭൂമിയെച്ചൊല്ലിയായിരുന്നു ഈ ദീർഘകാല നിയമപോരാട്ടം. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഹർജിക്കാരനായ ഷറഫത്ത് അലിയുടെ മുൻഗാമികൾ 1957 ജൂൺ 4-ന് വാങ്ങിയ ഭൂമിയുടെ പൂർണ്ണമായ ഉടമസ്ഥാവകാശം കോടതി ഇതിലൂടെ ശരിവെച്ചു.
ഹർജിക്കാരുടെ മുൻഗാമികൾ രജിസ്റ്റർ ചെയ്ത ആധാരം വഴി ഹരിദ്വാറിൽ 15 ബിഘ ഭൂമിയാണ് വാങ്ങിയിരുന്നത്. 1957-ൽ ഈ ഇടപാട് നടക്കുമ്പോൾ ഹർജിക്കാർക്ക് പ്രായപൂർത്തിയായിരുന്നില്ല. പിന്നീട് ഈ ഭൂമിയെച്ചൊല്ലി വിറ്റവരും വാങ്ങിയവരും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തു. എന്നാൽ 1984-ൽ എതിർകക്ഷികളിൽ ഒരാൾ പിന്മാറിയതോടെ ഭൂമി ഹർജിക്കാരുടെ പേരിലേക്ക് പോക്കുവരവ് ചെയ്തു കിട്ടി. ഇതോടെ തർക്കങ്ങൾ തീർന്നെന്നു കരുതിയെങ്കിലും 1991-ലെ ഭൂമി ഏകീകരണ നടപടികൾക്കിടയിൽ മറ്റ് പങ്കാളികൾ വീണ്ടും എതിർപ്പുമായി എത്തി. തുടർന്ന് 1999-ൽ കൺസോളിഡേഷൻ ഓഫീസർ ഹർജിക്കാരുടെ ഭൂമിക്കുമേലുള്ള അവകാശം റദ്ദാക്കുകയും ചെയ്തു.
യു.പി ജമീന്ദാരി നിർമാർജന നിയമപ്രകാരം ഈ ഭൂമിയുടെ ആധാരം നിലനിൽക്കില്ലെന്നും സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും കാട്ടിയായിരുന്നു അന്ന് അവകാശം തള്ളിയത്. 2017-ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചതോടെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കീഴ്ക്കോടതികളുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകൾ തെറ്റാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഹർജിക്കാരുടെ ഭാഗം ശരിവെക്കുകയായിരുന്നു. ചെറിയ സാങ്കേതിക പിഴവുകളുടെ പേരിൽ 1957-ൽ രജിസ്റ്റർ ചെയ്ത ആധാരം അസാധുവാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ ആധാരം വ്യാജമാണെന്നോ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണെന്നോ എതിർകക്ഷികൾക്ക് പോലും വാദമില്ലാത്ത സ്ഥിതിക്ക്, ചെറിയ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രേഖ തള്ളിക്കളയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തലമുറകളായി ഭൂമി തങ്ങളുടെ കൈവശമാണെന്ന ഹർജിക്കാരുടെ വാദത്തെ കൃത്യമായി എതിർക്കാൻ മറുഭാഗത്തിന് കഴിഞ്ഞിട്ടുമില്ല. വെറുമൊരു പോക്കുവരവ് കേസിൽ തുടങ്ങി, വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തേണ്ടിവന്ന ഹർജിക്കാരുടെ ദുരവസ്ഥയും സുപ്രീം കോടതി വിധിയിൽ പ്രത്യേകം പരാമർശിച്ചു.




