മുംബൈ: ഇന്ത്യ 253, ഇംഗ്ലണ്ട് 246 – ടി20 സെമിഫൈനലിലെ ഈ നേരിയ വ്യത്യാസം തന്നെ മത്സരത്തിന്റെ ആവേശം വിളിച്ചോതുന്നുണ്ട്. കൂറ്റൻ സ്കോർ പ്രതിരോധിക്കുമ്പോൾ ഇന്ത്യൻ ടീം അനുഭവിച്ച സമ്മർദ്ദം ചെറുതല്ലായിരുന്നു. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും പന്തുകൊണ്ട് മാസ്മരിക പ്രകടനം കാഴ്ചവെച്ചെങ്കിലും, ഈ വിജയത്തിലെ യഥാർത്ഥ ‘നിശബ്ദ നായകൻ’ അക്ഷർ പട്ടേൽ ആയിരുന്നു.
മത്സരശേഷമുള്ള വിശകലനങ്ങളിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ പേര് അധികം കേൾക്കില്ലായിരിക്കാം, എന്നാൽ ഫീൽഡിംഗിലും ബൗളിംഗിലും അക്ഷർ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഡ്രസ്സിംഗ് റൂമിനുള്ളിലെ യഥാർത്ഥ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്‌കാരം അദ്ദേഹം അർഹിക്കുന്നുണ്ട്.
ഫീൽഡിൽ ഒരു മിന്നൽപ്പിണറായി മാറിയ അക്ഷർ, രണ്ടാം ഓവറിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കാൻ നടത്തിയ ഓടിക്കൊണ്ടുള്ള ക്യാച്ച് ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകിയത്. പാണ്ഡ്യയുടെ പന്തിൽ സാൾട്ട് അടിച്ച പന്ത് കണ്ണുവെട്ടിക്കാതെ പുറകോട്ട് ഓടിപ്പിടിച്ച അക്ഷർ തുടക്കത്തിലേ ഇംഗ്ലണ്ടിന് പ്രഹരമേൽപ്പിച്ചു. ഇതിന് പിന്നാലെ ഫോമിലായിരുന്ന ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിനെ മടക്കിയയക്കാൻ ബുംറയുടെ പന്തിൽ മുന്നോട്ട് ഡൈവ് ചെയ്ത് അക്ഷർ എടുത്ത ക്യാച്ച് മത്സരത്തിലെ തന്നെ മികച്ച ഒന്നായിരുന്നു.
മത്സരത്തിന്റെ പതിനാലാം ഓവറിൽ അർഷ്ദീപ് സിംഗ് തുടർച്ചയായി മൂന്ന് വൈഡുകൾ എറിഞ്ഞ് സമ്മർദ്ദത്തിലായ ഘട്ടത്തിലായിരുന്നു വിൽ ജാക്സിന്റെ വിക്കറ്റ് വീണത്. സിക്സറിലേക്ക് എന്ന് ഉറപ്പിച്ച പന്തിനെ ബൗണ്ടറി ലൈനിന് അരികെ വെച്ച് തടഞ്ഞ അക്ഷർ, താൻ ബാലൻസ് തെറ്റി പുറത്തേക്ക് പോകുമെന്ന് ഉറപ്പായപ്പോൾ പന്ത് സമർത്ഥമായി ഉള്ളിലേക്ക് എറിഞ്ഞു. ഇത് ശിവം ദുബെ കൈപ്പിടിയിലൊതുക്കിയതോടെ ഇംഗ്ലണ്ടിന്റെ മറ്റൊരു അപകടകാരി കൂടി പുറത്തായി. ഒരുപക്ഷേ ജാക്സ് കുറച്ചുനേരം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.
ഇതിനെല്ലാം പുറമെ ടോം ബാന്റന്റെ നിർണ്ണായക വിക്കറ്റും അക്ഷർ സ്വന്തമാക്കി. അക്ഷറിന്റെ ഓവറിലെ ആദ്യ രണ്ട് പന്തിൽ സിക്സറുകൾ പായിച്ച് ബാന്റൻ അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും, തൊട്ടടുത്ത പന്തിൽ മനോഹരമായ ഒരു ആം-ബോളിലൂടെ ബാന്റന്റെ സ്റ്റമ്പ് തെറിപ്പിച്ച അക്ഷർ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ബാറ്റർമാർക്കും മറ്റ് ബൗളർമാർക്കും ലഭിക്കുന്ന അത്രയും തന്നെ അംഗീകാരം ഈ വിജയത്തിൽ അക്ഷർ പട്ടേലും അർഹിക്കുന്നുണ്ട്.




