മലപ്പുറം: വണ്ടൂരില്‍ പതിനാലുകാരിയെ കൊലപ്പെടുത്താന്‍ കാരണം പതിനാറുകാരന്റെ ‘സംശയരോഗ’മെന്ന് പോലീസ്! പെണ്‍കുട്ടിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാകത്തിലേക്കു നയിച്ചത്.
കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിനു മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമികനിഗമനം. എന്നാല്‍, ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. സംഭവദിവസം രാവിലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി ഉച്ചകഴിഞ്ഞ് മൂന്നിനുശേഷമാണ് പതിനാറുകാരനൊപ്പം നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍, തൊടികപ്പുലം, വാണിയമ്പലം സ്‌റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടം റെയില്‍വേ ട്രാക്കിനു സമീപം ആളൊഴിഞ്ഞ പ്രദേശത്തെത്തിയത്. പെണ്‍കുട്ടിക്കു മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തില്‍ ഇവിടെവച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബസുകള്‍ മാറിക്കയറിയാണ് ഇരുവരും കരുവാരക്കുണ്ടില്‍നിന്ന് വണ്ടൂരിലെത്തിയത്. സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു. ഇവരുടെ ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് പതിനാറുകാരന്റെ ഫോണില്‍നിന്ന് പെണ്‍കുട്ടി അമ്മയെ വിളിച്ചിരുന്നു. വൈകാതെ വീട്ടിലെത്തുമെന്നാണ് പറഞ്ഞത്. പതിനാറുകാരന്‍ ശല്യം ചെയ്യുന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുമ്പ് പോലീസില്‍ പരാതിപ്പെട്ടിരുന്നതായും പറയപ്പെടുന്നു.
ബാലനീതി ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ പതിനാറുകാരനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റി. ഏഴുവര്‍ഷത്തിനുമേല്‍ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളിലേ ബാലനീതി നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ കേസില്‍ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതായി എസ്.പി. പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.




