തടി കുറയ്ക്കാനായി പല ഡയറ്റും പരീക്ഷിച്ച് മടുത്തിരിക്കുന്നവരാണോ നിങ്ങൾ? ചോറ് ഒഴിവാക്കാനായി പറ്റാത്ത ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഉയര്‍ന്ന കാലറി അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കുകയെന്നത്. എന്നാല്‍ ചോറ് കഴിച്ച് തടിവെക്കില്ലെന്ന് മാത്രമല്ല വണ്ണം കുറയുകയും ചെയ്യും. എങ്ങനെയെന്നല്ലേ, ജപ്പാനില്‍ ‘ മിറക്കിള്‍ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി എന്നയിനം അരിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
അരി എന്നാണ് വിളിക്കുന്നതെങ്കിലും നെല്‍ച്ചെടിയില്‍ നിന്നല്ല ഷിരാതി അരി ഉണ്ടാക്കുന്നത്. കിഴക്കന്‍ ഏഷ്യയില്‍ വളരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗ സസ്യമായ കൊഞ്ചാക്ക് (konjac) അല്ലെങ്കില്‍ കൊന്യാകു (konnyaku)ചെടിയില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഈ ചെടിയുടെ കിഴങ്ങുകളില്‍ നിന്നാണ് ഷിരാതി ഉത്പാദിപ്പിക്കപ്പെടുന്നത്.
സാധാരണ അരിയേക്കാൾ വളരെ കുറഞ്ഞ കലോറിയും കാര്‍ബോഹൈഡ്രേറ്റുമാണ് ഇതില്‍ ഉള്ളത്. ഏതാണ്ട് 85 ഗ്രാം ഷിരാതകി അരിയില്‍ 10- 15 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. വെള്ള അരിയുടെ 100 ഗ്രാമില്‍ 130 – 150 കലോറി അടങ്ങിയിട്ടുണ്ട്. ബ്രൌണ്‍ അരിയിലാകട്ടെ 100 ഗ്രാമില്‍ ഏതാണ്ട് 120 കോലറിയാണ് ഉള്ളത്.
കൊഞ്ചാക്കിന്റെ വേരില്‍ അടങ്ങിയട്ടുള്ള പ്രധാന നാരാണ് ഗ്ലൂക്കോമാനന്‍ . ഇതിന് കുടലിനെ സംരക്ഷിക്കാനുളള കഴിവുണ്ട്. കുടലില്‍ എത്തുന്ന ഗ്ലൂക്കോമാനന്‍ നാരുകള്‍ക്ക് വെള്ളം ആഗിരണം ചെയ്യാനും ആമാശയത്തില്‍ വികസിക്കാനും കഴിയും ഇത് അധികം നേരം വയര്‍ നിറഞ്ഞതായി തോന്നിക്കാനും തടി കുറയ്ക്കാനായി ശ്രമിക്കുന്നവര്‍ക്ക് ഇടനേരങ്ങളിലെ ഭക്ഷണം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു എന്നൊരു പ്രധാനഗുണവും ഷിരാതകി അരിയിലെ ഗ്ലൂക്കോമാനനുണ്ട്. ഈ നാരുകള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാനായി സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് തടയുന്നു.