Oddly News

പാറ്റാക്കടത്ത്‌ തടഞ്ഞ്‌ ഓസ്‌ട്രേലിയ; പിടിച്ചെടുത്തത്‌ ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെ, മൂല്യം ഒന്നരകോടിയിലേറെ

സിഡ്‌നി: വിദേശയിനം പാറ്റകളുടെ അനധികൃത കടത്തിനും വളർത്തലിനുമെതിരെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം. ന്യൂ സൗത്ത് വെയിൽസിലെ ഒരു വാണിജ്യ പ്രജനന കേന്ദ്രത്തിൽ അധികൃതർ നടത്തിയ റെയ്ഡിൽ ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഈ പാറ്റകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1,89,90,100 രൂപയോളം മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. അതായത് ഒരു പാറ്റയ്ക്ക് മാത്രം ഇന്ത്യൻ രൂപ ഏകദേശം 189.90 രൂപയോളം വിലവരും!

മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ളതും പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഹിസ്സിങ് പാറ്റകളെയാണ് പ്രധാനമായും പിടികൂടിയത്. സിഡ്‌നിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ബാഥേർസ്റ്റിലെ ഒരു ബ്രീഡിങ് കേന്ദ്രത്തിൽ നിന്നാണ് മഡഗാസ്‌കർ ഹിസ്സിംഗ് ഇനത്തിൽപ്പെട്ട പാറ്റകളെയും ദുബിയ പാറ്റകളെയും ഓസ്‌ട്രേലിയൻ അധികൃതർ കണ്ടെടുത്തത്. ഈ രണ്ട് വിഭാഗത്തിൽപ്പെടുന്ന പാറ്റകളെയും ഓസ്‌ട്രേലിയയിലേക്ക് നിയമപരമായി ഇറക്കുമതി ചെയ്യാനോ രാജ്യത്ത് വളർത്താനോ വിൽക്കാനോ യാതൊരുവിധ അനുമതിയുമില്ല.

രാജ്യത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശയിനം പാറ്റകളെ പിടികൂടുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വേട്ടയാണിതെന്ന് ഓസ്‌ട്രേലിയൻ ബയോസെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി. ഇത്തരം വിദേശ പ്രാണികൾ പ്രാദേശിക പരിസ്ഥിതിയിലേക്ക് പടർന്നാൽ ഗുരുതരമായ രോഗങ്ങൾ പടരാൻ കാരണമാകുമെന്നും, ഇത് ഓസ്‌ട്രേലിയയിലെ പ്രാദേശിക വന്യജീവികൾക്കും കാർഷിക മേഖലയ്ക്കും വലിയ തോതിൽ ദോഷം വരുത്തിവെക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ചില ആളുകൾ കൗതുകത്തിന് വേണ്ടിയും, മറ്റു ചിലർ തങ്ങൾ വളർത്തുന്ന വിദേശയിനം മൃഗങ്ങൾക്ക് ആഹാരമായി നൽകാനുമാണ് ഇത്തരം പാറ്റകളെ വാങ്ങിക്കൂട്ടുന്നത്. പ്രത്യേകിച്ചും പാമ്പുകൾ, പല്ലികൾ തുടങ്ങിയ ഉരഗങ്ങളെ വളർത്തുന്നവരാണ് ഈ പാറ്റകളുടെ പ്രധാന ആവശ്യക്കാർ. എന്നാൽ ഇത്തരം വിദേശ പാറ്റകൾക്ക് പകരം പ്രാദേശികമായി ലഭിക്കുന്ന ചീവീടുകളെയോ മറ്റ് പ്രാണികളെയോ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണമായി നൽകണമെന്ന് സർക്കാർ കർശന നിർദേശം നൽകി. ശരീരത്തിൽ നിന്ന് വലിയ രീതിയിൽ ചീറ്റൽ ശബ്ദം പുറപ്പെടുവിക്കാൻ പ്രത്യേക കഴിവുള്ളതിനാലാണ് ഇവയെ ഹിസ്സിങ് പാറ്റകൾ എന്ന് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *