Featured The Origin Story

അഭിപ്രായഭിന്നതയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു വാക്കില്ല ; ‘ബോയ്‌ക്കോട്ട്’; വാക്ക് വന്ന വഴി

രാഷ്ട്രീയത്തിലടക്കം ഏറ്റവും പ്രചാരത്തിലുള്ള വാക്കുകളില്‍ ഒന്ന് ‘ബോയ്ക്കോട്ട്’. എന്നാല്‍ ഈ വാക്ക് ഏറ്റവും വെറുക്കപ്പെട്ടവരില്‍ ഒരാളായി ചരിത്രം രേഖപ്പെടുത്തിയ ‘ചാള്‍സ് ബോയ്‌കോട്ട്’ എന്ന ഇംഗ്ളീഷ് ലാന്റ് ഏജന്റില്‍ നിന്നാണെന്ന് അറിയാമോ?. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ ജന്മി-കുടിയാന്‍ തര്‍ക്കത്തില്‍ നിന്നുമാണ് അതുണ്ടായത്.

കൗണ്ടി മായോയില്‍ നിരവധി ആളുകളെ കുടിയിറക്കാന്‍ ശ്രമിച്ച ബോയ്‌ക്കോട്ടിനെ നാട്ടുകാര്‍ ബഹിഷ്‌കരണത്തിലൂടെ ചെറുത്തു. ബോയ്‌ക്കോട്ടിന്റെ കാര്‍ഷിക ഭൂമിയില്‍ പണിയെടുക്കാതെ അദ്ദേഹത്തിനുവേണ്ടിയുള്ള ജോലികളെ നിരസിക്കാന്‍ പ്രോത്സാഹിപ്പിച്ചും കുടിയാന്മാര്‍ ബോയ്‌ക്കോട്ടിനെ ഒതുക്കിക്കളഞ്ഞു. ഈ സംഭവത്തില്‍ നിന്നുമാണ് ‘ബോയ്‌ക്കോട്ട്’ എന്ന പദമുണ്ടായത്.

ചാള്‍സ് കണ്ണിംഗ്ഹാം ബോയ്‌കോട്ട് 1832 മാര്‍ച്ച് 12 ന് ഇംഗ്ലണ്ടിലെ നോര്‍ഫോക്കില്‍ ജനിച്ചു. ബ്രിട്ടീഷ് സൈന്യത്തില്‍ ശ്രദ്ധേയമായ കരിയറിന് ശേഷം അയര്‍ലണ്ടില്‍ ഒരു ലാന്‍ഡ് ഏജന്റായി അദ്ദേഹം മാറി. ഐറിഷ് വംശജയായ ഭാര്യയോടൊപ്പം അയര്‍ലണ്ടിലെ കൗണ്ടി മായോയിലെ അച്ചില്‍ ദ്വീപില്‍ 17 വര്‍ഷം താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്തു. 1870-കളില്‍ ഏണിലെ മൂന്നാമത്തെ പ്രഭുവായ ജോണ്‍ ക്രിക്റ്റണിന്റെ 40,386 ഏക്കറിന്റെ ഒരു ഭാഗത്തിന്റെ ലാന്‍ഡ് ഏജന്റായി ജോലി ആരംഭിച്ചു.

ഗ്രാമത്തിനടുത്തുള്ള തന്റെ 629 ഏക്കര്‍ ഫാമിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഏണിലെ പ്രഭു ബോയ്‌കോട്ടിനോട് നിര്‍ദ്ദേശിച്ചു. ബോയ്‌കോട്ട് സമ്മതിക്കുകയും 1874-ല്‍ ഭാര്യയോടൊപ്പം ഏള്‍സ് ലോഫ് മാസ്‌ക് വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. അവിടെ, അദ്ദേഹം ഏണിന്റെ ഫാമിന്റെ മേല്‍നോട്ടം വഹിക്കുകയും ഏകദേശം 120 കുടിയാന്‍ കര്‍ഷകരില്‍ നിന്ന് വാടക ഈടാക്കുകയും ചെയ്യുമായിരുന്നു. അയര്‍ലണ്ടിലെ ഇംഗ്ലീഷ് ലാന്‍ഡ് ഏജന്റുമാര്‍ അവരുടെ കുടിയാന്‍മാര്‍ക്ക് പ്രിയങ്കരരല്ലായിരുന്നു.

അക്കാലത്ത് അയര്‍ലണ്ടിലെ 80 ശതമാനം ഭൂമിയും നിയന്ത്രിച്ചിരുന്നത് ഭൂവുടമകളാണ്. എസ്റ്റേറ്റില്‍ സുഖമായി ജീവിക്കുകയും വാടക നല്‍കാന്‍ കഴിയാത്ത കുടിയാന്‍മാരെ കുടിയിറക്കുകയും ചെയ്തിരുന്ന ബോയ്‌കോട്ടിനെ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. ബോയ്‌ക്കോട്ട് ആകട്ടെ കുടിയാന്‍മാരോട് പരുഷമായി പെരുമാറുകയും ചെയ്തു. കൗണ്ടി മായോയില്‍ വര്‍ഷങ്ങളോളം മോശം വിളവെടുപ്പ് തുടര്‍ന്നതോടെ ചാള്‍സ് ബോയ്‌കോട്ടിനോടുള്ള മനോഭാവം സാധാരണ തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ മോശമായി.

1880 ലെ ശരത്കാലത്തോടെ, അയര്‍ലണ്ടിലെ രാഷ്ട്രീയ അന്തരീക്ഷം മാറി. ഐറിഷ് ലാന്‍ഡ് ലീഗിന്റെ പ്രസിഡന്റായ ചാള്‍സ് സ്റ്റുവര്‍ട്ട് പാര്‍നെല്‍ ജന്മികള്‍ക്കെതിരേയും ഭൂമി ഏജന്റുമാര്‍ക്കെതിരേയും നിലകൊള്ളാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു. സെപ്റ്റംബര്‍ 19 ന്, പാര്‍നെല്‍ അയര്‍ലണ്ടിലെ എനിസില്‍ സംസാരിക്കുകയും അന്യായമായ കുടിയൊഴിപ്പിക്കലുകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ഭൂഏജന്റുമാരെ നേരിടാനും അവരെ ഇറക്കിവിടാനും നിസ്സഹകരിക്കാനും ജനക്കൂട്ടത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, സെപ്റ്റംബര്‍ 22 ന് വിളവെടുപ്പ് വല്ലാതെ മോശമായപ്പോള്‍ ചാള്‍സ് ബോയ്‌കോട്ട് 11 വീട്ടുകാര്‍ക്ക് കുടിയിറക്കല്‍ നോട്ടീസ് അയച്ചു. എന്നാല്‍ നാട്ടുകാര്‍ തിരിച്ചടിച്ചു. 17 പോലീസുകാരുടെ അകമ്പടിയോടെ ഒരു പ്രോസസ് സെര്‍വര്‍ കുടിയിറക്കല്‍ നോട്ടീസുകള്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍, അയാളുടെ നേരെ കല്ലുകള്‍, ചെളി, വളം എന്നിവ എറിഞ്ഞു നാട്ടുകാര്‍.

അടുത്ത ദിവസം, ബോയ്‌കോട്ടിന്റെ എസ്റ്റേറ്റില്‍ 100 ഓളം നാട്ടുകാര്‍ ഒത്തുകൂടി, ബോയ്‌ക്കോട്ടിന് വേണ്ടി ഇനി ജോലി ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ബോയ്‌കോട്ടിന്റെ വീട്ടുജോലിക്കാരും കര്‍ഷകരും പ്രാദേശിക കടകള്‍ പോലും അദ്ദേഹത്തെ ബഹിഷ്‌ക്കരിച്ചു. എന്നാല്‍ ബോയ്‌കോട്ടിന്റെ അനുയായികള്‍ വിളവെടുപ്പില്‍ അദ്ദേഹത്തെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ അയച്ചു. നൂറുകണക്കിന് ബ്രിട്ടീഷ് സൈനികരും ഒപ്പമുണ്ടായിരുന്നു. വിളവെടുപ്പ് നടന്നെങ്കിലും പിന്നീട് ചാള്‍സ് ബോയ്‌ക്കോട്ടിന് നാട്ടുകാരില്‍ നിന്നും വലിയ നിസ്സഹകരണം നേരിടേണ്ടി വന്നു. ബോയ്‌കോട്ടിന് പതുക്കെ കൗണ്ടി മായോ വിടേണ്ടി വരികയും ചെയ്തു.

ബഹിഷ്‌ക്കരണം മൂലം ബോയ്‌കോട്ടും കുടുംബവും ഡബ്ലിനിലേക്ക് പലായനം ചെയ്തു. എന്നാല്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലിന് ഭീഷണി കത്തുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ബോയ്‌ക്കോട്ടുകള്‍ ഡിസംബര്‍ 1 ന് ഇംഗ്ലണ്ടിലേക്ക് മാറി. പിന്നീട് ഒരു വ്യക്തിയെയോ ബിസിനസിനെയോ ഒക്കെ ബഹിഷ്‌കരിക്കുന്നതിനെ സൂചിപ്പിക്കാന്‍ പത്രങ്ങള്‍ ‘ബോയ്ക്കോട്ട്’ എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങി.