Featured Sports

സഞ്ജുവിന്റെ കാര്യം ‘തീരുമാന’മായി? ഓപ്പണര്‍, കീപ്പര്‍ സ്ഥാനങ്ങള്‍ ഇഷാന്‍ കൊണ്ടുപോയി, സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

നവി മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിന് ഇറക്കാത്തതോടെ സഞ്ജു സാംസൺ ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായി. ഇത്തരം മത്സരങ്ങളില്‍ ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം. എന്നിട്ടും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതിരുന്നതോടെ ടീം മാനേജ്മെന്റ് നയം വ്യക്തമായി.

ബുമ്രയെയും വാഷിങ്ടനെയും കൂടാതെ ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിനും ബോളിങ്ങിനും അവസരം ലഭിക്കാത്തത് സഞ്ജുവിനു മാത്രമാണ്. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായപ്പോൾ സഞ്ജു ഇറങ്ങിയത് ഫീൽഡിങ്ങിന്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽനിന്നു സ്ഥാനം നഷ്ടമായി. സഞ്ജുവിനു പകരം ഇഷാൻ കിഷനാണ് ഓപ്പണറായി ഇറങ്ങിയത്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാൻ സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്തു.

സന്നാഹമത്സരത്തില്‍ 30 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 20 ഓവറിൽ 7 വിക്കറ്റിൽ നഷ്ടത്തിൽ 210 റൺസിൽ അവസാനിച്ചു.

ഇന്ത്യന്‍ ബാറ്റര്‍മാരുടെത് തകര്‍പ്പന്‍ പ്രകടനമായിരുന്നു ഡി.വൈ.പാട്ടീല്‍ സ്‌റ്റേഡിയത്തില്‍. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ 240 റണ്ണെടുത്തു. ഇഷാന്‍ കിഷന്‍ (20 പന്തില്‍ ഏഴ്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 53), തിലക്‌ വര്‍മ (19 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 45), ഹാര്‍ദിക്‌ പാണ്ഡ്യ (10 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 30) തുടങ്ങി ബാറ്റെടുത്തവരെല്ലാം തിളങ്ങി.

ആകെ 450 റൺസ് പിറന്ന മത്സരത്തിൽ, 33 സിക്സറുകളാണ് ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത്. 9 പേരാണ് ഇന്ത്യയ്ക്കു വേണ്ടി ബോൾ ചെയ്തത്. അഭിഷേക് ശർമ രണ്ടു വിക്കറ്റും അർഷ്ദീപ് സിങ്, ശിവം ദുബെ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി, ജസ്പ്രീത് ബുമ്ര ബോളിങ്ങിന് ഇറങ്ങിയില്ല. പരുക്കേറ്റ വാഷിങ്ടൻ സുന്ദറും ടീമിനൊപ്പം ചേർന്നിട്ടില്ല.

ടോസ്‌ നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യക്ക്‌ മിന്നും തുടക്കമാണ്‌ ഇഷാന്‍ കിഷന്‍ നല്‍കിയത്‌. തിരുവനന്തപുരത്ത്‌ കിവീസിനെതിരായ അവസാന ട്വന്റി20യില്‍ സെഞ്ചുറിയടിച്ച ഇഷാന്‍, നിര്‍ത്തിയിടത്തുനിന്ന്‌ തുടങ്ങി. ആദ്യ ഓവറില്‍ തന്നെ രണ്ടു സിക്‌സറടക്കം 13 റണ്ണാണ്‌ ഇഷാന്‍ നേടിയത്‌. തലങ്ങും വിലങ്ങും അടിച്ച ഇഷാന്‍ സഹഓപ്പണര്‍ അഭിഷേക്‌ ശര്‍മയെ കാഴ്‌ചകാരനാക്കി. അഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 70 കടന്നു. 50 കടന്നതിനു പിന്നാലെ ഇഷാന്‍ റിട്ടയേഡ്‌ ഔട്ടായി. കായിക ക്ഷമത വീണ്ടെടുത്ത തിലക്‌ വര്‍മ ഇഷാനില്‍നിന്നു ‘ബാറ്റണ്‍’ ഏറ്റെടുത്തു. തിലക്‌ സിക്‌സറുകളും ഫോറുമായി കളംനിറഞ്ഞു. അഭിഷേക്‌ ശര്‍മയും (18 പന്തില്‍ 24) റിട്ടയേഡ്‌ ഔട്ടായി.

നാലാമനായി സൂര്യകുമാര്‍ യാദവാണ്‌ (16 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 30) ക്രീസിലെത്തിയത്‌. തിലകും സൂര്യയും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ 44 റണ്ണെടുത്തു. കിവീസിനെതിരെ ബാറ്റിങ്ങിന്‌ അധികം അവസരം ലഭിക്കാതിരുനന അക്ഷര്‍ പട്ടേലും (23 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 35) റിങ്കു സിങ്ങുമാണ്‌ (13 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 16) അഞ്ചാം വിക്കറ്റില്‍ ഒന്നിച്ചത്‌. റിങ്കു പുറത്തായപ്പോള്‍ എത്തിയത്‌ ഹാര്‍ദിക്‌ പാണ്ഡ്യ (പത്ത്‌ പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 30). ഹാര്‍ദിക്‌ ടീം സ്‌കോര്‍ അതിവേഗം 240 ലെത്തിച്ചു. ഹർഷിത് ഒഴികെ എല്ലാവരുടെയും ബാറ്റിൽനിന്ന് ഒരു സിക്സെങ്കിലും പിറന്നു. ആകെ 19 സിക്സുകളാണ് ഇന്ത്യൻ ഇന്നിങ്സിൽ പിറന്നത്.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജോർജ് ലിൻഡെയുടെ (0) വിക്കറ്റ് അർഷ്‌ദീപ് സിങ് വീഴ്ത്തി. പിന്നീട് ക്യാപ്റ്റൻ ഏയ്ഡൻ മാക്രം (19 പന്തിൽ 38), റയാൻ റിക്കൽടൺ (21 പന്തിൽ 44) എന്നിവർ ചേർന്ന് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞു. പവർപ്ലേയ്ക്കു പിന്നാലെ മാക്രം റിട്ടയേഡ് ഔട്ടായി. പിന്നീടെത്തിയ ഡെവാൾഡ് ബ്രെവിസ് (4 പന്തിൽ 2), ഡേവിഡ് മില്ലർ (10 പന്തിൽ 13) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ജെയ്സൻ സ്മിത്ത് (23 പന്തിൽ 35), ട്രിസ്റ്റൻ സ്റ്റബ്സ് (21 പന്തിൽ 45*), മാർകോ യാൻസൻ (16 പന്തിൽ 31) എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 200 കടത്തിയത്. അവസാന മൂന്ന് ഓവറുകളിൽ 39 റൺസാണ് പിറന്നത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ആകെ 14 സിക്സാണ് പിറന്നത്. അർഷ്ദീപ് സിങ്, ശിവം ദുബെ എന്നിവർ മാത്രമാണ് 4 ഓവർ തികച്ച് എറിഞ്ഞത്. ശിവം ദുബെ 57 റൺസ് വഴങ്ങിയപ്പോൾ അർഷ്‍ദീപ് 29 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.