കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തന്റെ ‘മറ്റേ മോൻ’ എന്ന പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആ വാക്കുകൊണ്ട് താൻ ഉദ്ദേശിച്ചത് ‘മറ്റേ മകൻ’ എന്നായിരുന്നുവെന്നും മാധ്യമങ്ങൾ അത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘നെഞ്ചത്ത് കൈവെച്ച് പറയാം, ഞാൻ നിങ്ങളൊക്കെ വ്യാഖ്യാനിച്ച അതല്ല ഉദ്ദേശിച്ചത്. എനിക്ക് ആ സമയത്ത് അദ്ദേഹത്തിന്‍റെ പേര് എടുത്ത് പറയാൻ തോന്നിയില്ല. ഇത് പറഞ്ഞ ആ മോൻ ഇല്ലേ, എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. എന്‍റെ അമ്മ സത്യം’ -സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയമായതിനാലാണ് മാധ്യമങ്ങൾ ഇതിന് മറ്റൊരു അർത്ഥം നൽകിയതെന്നും ഇതിൽ തനിക്ക് ഖേദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃപ്പൂണിത്തുറയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു “കേരളത്തിൽ എയിംസ് വരും മറ്റേ മോനെ” എന്ന വിവാദ പരാമർശം അദ്ദേഹം നടത്തിയത്. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനെ… നിങ്ങൾ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല, ഒരു അഞ്ച് ജില്ലകളുടെ പേര് കൂടി തരൂ എന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. 2016ൽ രാജ്യസഭാംഗമാകുന്നതിന് മുമ്പ് 2015ൽ എല്ലാ സംസ്ഥാനത്തിനും ഓരോ എയിംസ് എന്ന പദ്ധതിയാണെങ്കിൽ മോദിജിയുമായുള്ള ബന്ധത്തിന്‍റെ പുറത്ത് അന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടത് രാഷ്ട്രീയമായി വഞ്ചിക്കപ്പെട്ട് കിടക്കുന്ന ആലപ്പുഴയിൽ അനുവദിക്കണമെന്നാണ്’ – എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം കൂടുതൽ ജില്ലകളുടെ പേര് എയിംസിനായി നിർദ്ദേശിക്കണമെന്നും ആലപ്പുഴയിൽ നടന്നില്ലെങ്കിൽ തൃശൂരിനെ പരിഗണിക്കണമെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കുകയോ ആവശ്യമായ പരിഗണന നൽകുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.




