Health

ഓരോ ദിവസവും ചൂട് അതികഠിനമാകുന്നു ;   അതിജീവിയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. വേനല്‍ ചൂടിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാതെ വിഷമിയ്ക്കുകയാണ് ആളുകള്‍ ഓരോ ദിവസവും. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് ഇപ്പോള്‍. അതോടൊപ്പം വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണരീതി ക്രമീകരിയ്ക്കണം. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കണം.

വേനല്‍ക്കാലത്ത് എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തിന്റെ താപനില കൂട്ടുകയും അസ്വസ്ഥതയും തളര്‍ച്ചയും ദഹനസംബന്ധമായ പ്രശ്‌നങ്ങളും നിര്‍ജലീകരണവും വരുത്തിവെക്കുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

  • ഇളനീര്‍ – പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാല്‍ സമ്പന്നമാണ് ഇളനീര്‍. ചൂടുകാലത്ത് ശരീരത്തില്‍ നിന്നുള്ള ദ്രാവക നഷ്ടം കുറയ്ക്കാനും നിര്‍ജ്ജലീകരണം തടയാനും ഇത് സഹായിക്കും.
  • സംഭാരം – ചൂട് കാലത്തെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മികച്ച പാനീയമാണ് സംഭാരം. ദഹനം മികച്ചതാക്കാനും കുടലിന്റെ ആരോ?ഗ്യത്തിനും സംഭാരം നല്ലതാണ്.
  • തൈര് – പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. ചൂട് കാലത്ത് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് തൈര്.
  • തണ്ണിമത്തന്‍ – തണ്ണിമത്തനില്‍ 90 ശതമാനം ജലാംശം ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്. തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താനും ശരീരത്തിന് തണുപ്പ് ലഭിക്കാനും സഹായിക്കും. വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് തണ്ണിമത്തന്‍.
  • വെള്ളരിക്ക – വെള്ളരിക്കയില്‍ ജലാംശം കൂടുതലും കലോറി കുറവുമാണ്. ഇവ ശരീരതാപനില കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. സാലഡുകള്‍, സ്മൂത്തികള്‍ എന്നിവയില്‍ ചേര്‍ത്ത് വെള്ളരിക്ക കഴിക്കാം.