ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്ലാസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ക്രിക്കറ്റിലെ കാരണവന്മാരായ ഇംഗ്‌ളണ്ടിനെ ദക്ഷിണാഫ്രിക്ക ചരുട്ടിക്കെട്ടി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ 20-ാം മത്സരത്തില്‍, വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് നേരിട്ടത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പടുകൂറ്റന്‍ തോല്‍വി. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇംഗ്‌ളീഷ് ടീമിന്റെ ബാറ്റിംഗില്‍ ടോപ് സ്‌കോററായത് ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റ്‌സ്മാന്‍മാര്‍.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 400 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം മുമ്പോട്ട് വെച്ചു. 170 റണ്‍സിന് പുറത്തായ ഇംഗ്‌ളണ്ട് നിരയിലെ ടോപ്‌സ്‌കോററായത് പത്താമത്തെ ബാറ്റ്‌സ്മാനായ മാര്‍ക്ക് വുഡായിരുന്നു. മാര്‍ക്ക്‌വുഡ് 17 പന്തില്‍ 43 റണ്‍സ് നേടി. അഞ്ച് സിക്‌സറുകളാണ് പറത്തിയത്. ഒമ്പതാമനായി എത്തിയ ഗസ് അറ്റകിന്‍സണ്‍ 35 റണ്‍സും നേടി. ഏഴു ബൗണ്ടറി ഇയാളും നേടി.
ആവശ്യത്തിന് ബൗണ്ടറികളും സിക്‌സറുകളും വാരിക്കൂട്ടിയ ക്ലാസനായിരുന്നു ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്മകാറില്‍ എത്തിയത്. 67 പന്തുകളില്‍ 109 റണ്‍സ് അടിച്ച ക്ലാസന്‍ ഇംഗ്‌ളീഷ് ബൗളര്‍മാരെ പിച്ചിച്ചീന്തി. 12 ബൗണ്ടറികളും നാലു സിക്‌സുകളുംപായിച്ചു. ടോസ് നേടിയ ശേഷം ആദ്യം ബൗള്‍ ചെയ്യാന്‍ തിരഞ്ഞെടുത്ത ഇംഗ്ലണ്ട് കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. ആറ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ക്ലാസെനും ജാന്‍സണും ചേര്‍ന്ന് പ്രോട്ടീസ് ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.
ഇതോടെ 200 റണ്‍സിന് മുകളില്‍ വ്യത്യാസത്തില്‍ ഇംഗ്‌ളണ്ട് തോല്‍ക്കുന്നത് മൂന്നാം തവണയാണ്. കൂറ്റന്‍ തോല്‍വികളുടെ പട്ടികയില്‍ 2018 ല്‍ കൊളംബോയില്‍ ശ്രീലങ്കയോട് 219 റണ്‍സിനായിരുന്നു തോറ്റതാണ് ഈ പട്ടികയിലെ ആദ്യ തോല്‍വി. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയോട് 221 റണസിനും തോറ്റിരുന്നു.