ഹൈദരാബാദിലെ വനസ്ഥലിപുരത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ സുനിത (30) മുൻഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിവാഹമോചനത്തിന് പിന്നാലെ സുനിത രണ്ടാമത് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു.
കേസിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനിത മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹേഷിനെതിരെ സുനിത നൽകിയ ഗാർഹിക പീഡനക്കേസ് മൂലം ഇയാളുടെ വിദേശത്തെ ജോലി നഷ്ടപ്പെട്ടതും പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതും കൊലപാതകത്തിലേക്ക് നയിച്ച വലിയ വിദ്വേഷത്തിന് കാരണമായി.
2022-ലായിരുന്നു സുനിതയും മഹേഷും വിവാഹിതരായത്. വിവാഹശേഷം കാനഡയിലേക്ക് പോയ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതോടെ സുനിത നാട്ടിലേക്ക് മടങ്ങുകയും മഹേഷിനെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം നാട്ടിലെത്തിയ മഹേഷിന് കേസിനെത്തുടർന്ന് തിരികെ പോകാൻ സാധിച്ചില്ല. തുടർന്ന് തൊഴിൽ രഹിതനായി കഴിഞ്ഞിരുന്ന ഇയാൾ സുനിതയുടെ രണ്ടാം വിവാഹത്തിന് ശേഷം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ സുനിതയുടെ താമസമൊക്കെയുള സ്ഥലം കണ്ടെത്തിയ മഹേഷ് രണ്ട് മാസമായി ഹൈദരാബാദിലെ ഹോസ്റ്റലിൽ താമസിച്ചാണ് കൃത്യം നടപ്പാക്കിയത്.
ബുധനാഴ്ച ഉച്ചയോടെ സുനിതയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ മഹേഷ് മുറി അകത്തുനിന്ന് പൂട്ടി കത്തി ഉപയോഗിച്ച് സുനിതയെ പലതവണ കുത്തുകയായിരുന്നു. നിലവിളി കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും സുനിത രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ സുനിത മരിച്ചു. തുടർന്ന് ശുചിമുറിയിൽ ഒളിച്ചിരുന്ന മഹേഷിനെ പോലീസ് വാതിൽ പൊളിച്ചാണ് പിടികൂടിയത്. രണ്ട് കത്തികൾ, ഡ്രില്ലിങ് മെഷീൻ, അഞ്ച് ലിറ്റർ പെട്രോൾ എന്നിവ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ക്രൂരമായ ഈ കൊലപാതകത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




