Featured Sports

ഹര്‍മന്‍ ഒന്നാമത്‌ ; വനിതകളുടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം

കാന്‍ബെറ: വനിതകളുടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ഇന്ത്യയുടെ ഹര്‍മന്‍പ്രീത്‌ കൗറിന്‌ സ്വന്തം. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന രണ്ടാം ട്വന്റി20 മത്സരത്തില്‍ കളിച്ചതോടെയാണു ഹര്‍മന്‍ റെക്കോഡ്‌ കുറിച്ചത്‌.

കൗര്‍ ഇന്ത്യക്കായി ഇതുവരെ 356 മത്സരങ്ങള്‍ കളിച്ചു. 355 മത്സരങ്ങള്‍ കളിച്ച ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനെയാണ്‌ ഇന്ത്യന്‍ നായിക മറികടന്നത്‌. ഓസ്‌ട്രേലിയയുടെ എലിസ പെറി (349), ഇന്ത്യയുടെ മുന്‍ താരം മിതാലി രാജ്‌ (333) എന്നിവരാണു മൂന്നും നാലും സ്‌ഥാനങ്ങളില്‍.

2009 ലാണ്‌ ഹര്‍മന്‍ ആദ്യ രാജ്യാന്തര മത്സരം കളിച്ചത്‌. ഇതുവരെ ആറ്‌ ടെസ്‌റ്റുകളും 161 ഏകദിനങ്ങളും 189 ട്വന്റി20 കളും കളിച്ചു. ഇന്ത്യക്ക്‌ ഏകദിന ലോകകപ്പ്‌ കിരീടം നേടിക്കൊടുത്ത ഹര്‍മന്‍പ്രീത്‌ കൗറിന്‌ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

അതേ സമയം ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് 19 റണ്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ വനിതകള്‍ അഞ്ച്‌ വിക്കറ്റിന്‌ 163 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ ഒന്‍പത്‌ വിക്കറ്റിന്‌ 144 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.

മൂന്ന്‌ ട്വന്റി20 കളുടെ പരമ്പര 1-1 നു തുല്യനിലയിലായി. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. ടോസ്‌ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ ഓസീസിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ ജോര്‍ജിയ വോള്‍ (57 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 88), ബെത്‌ മൂണി (39 പന്തില്‍ 46) എന്നിവരാണ്‌ ഓസീസിനെ മികച്ച നിലയിലെത്തിച്ചത്‌. ഫോബി ലിച്‌ഫീല്‍ഡ്‌ (ആറ്‌), എലിസ പെറി (ഏഴ്‌), ജോര്‍ജിയ വാറെം (0) എന്നിവരെയും പുറത്താക്കാന്‍ ഇന്ത്യക്കായി.

ഇന്ത്യന്‍ നിരയില്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ (30 പന്തില്‍ 36), ഓപ്പണര്‍ സ്‌മൃതി മന്ദാന (24 പന്തില്‍ 31), ഷഫാലി വര്‍മ (23 പന്തില്‍ 29) എന്നിവര്‍ മാത്രമാണു തിളങ്ങിയത്‌. ഓസീസിനായി ആഷ്‌ലീഗ്‌ ഗാഡ്‌നര്‍ മൂന്ന്‌ വിക്കറ്റും കിം ഗാരേത്‌, അനാബെല്‍ സതര്‍ലന്‍ഡ്‌, സോഫി മോളിനക്‌സ് എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവുമെടുത്തു.