Crime

നാളെ നിങ്ങളുമൊരു ​‘കള്ളനാ’കാം ! ഏതു ലുക്കിലും ഫെയ്സ് മാസ്ക് റെഡി, വേഷം മാറി മോഷണം ചൈനയില്‍ വ്യാപകം

ചൈനയില്‍ അള്‍ട്രാ റിയലിസ്റ്റിക് സിലിക്കണ്‍ ഫെയ്സ് മാസ്‌കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള മോഷണ പരമ്പരകള്‍ വ്യാപകമാകുന്നു. മോഷ്ടാക്കള്‍ ഇവ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയും പോലീസിന് പ്രതികളെ തിരിച്ചറിയാന്‍ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം മാസ്‌ക്കുകളുടെ നിരോധനത്തെക്കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഷാങ്ഹായിലെ നാല് വീടുകള്‍ കുത്തിത്തുറന്ന് 100,000 യുവാന്‍ (13,760 ഡോളര്‍) വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞപ്പോള്‍, 40 കാരനായ ഇയാളുടെ പക്കല്‍ ഒരു സിലിക്കണ്‍ മാസ്‌ക് ഉണ്ടായിരുന്നു. അത് കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പ്രായമായ ആളായി വേഷംമാറാന്‍ ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ മാസം, ജിയാങ്സു പ്രവിശ്യയിലെ മോഷണ പരമ്പരകള്‍ അന്വേഷിക്കുന്ന പോലീസ്, തിരിച്ചറിയപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഒരു റിയലിസ്റ്റിക് മാസ്‌ക് ഉപയോഗിച്ച് ഒരു ഇലക്ട്രിക്കല്‍ ജോലിക്കാരന്റെ വേഷം ധരിച്ച ഒരാളെ കണ്ടെത്തി. റിയലിസ്റ്റിക് സിലിക്കണ്‍ മാസ്‌കുകളുടെ വില്‍പ്പന നിയന്ത്രിക്കുന്നില്ലെങ്കില്‍ കുറ്റകൃത്യങ്ങളുടെ വ്യാപനത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. മാസ്‌ക്ക് നിരോധിക്കുകയല്ല ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.

സിലിക്കണ്‍ മാസ്‌കുകളുടെ മറ്റൊരു പ്രശ്നം, വാങ്ങുന്നവര്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള മാസ്‌ക്കുകള്‍ നിര്‍മ്മിക്കപ്പെടുന്നതും അത് വലിപ്പത്തിലും രൂപത്തിലും കഴിയുന്നത്ര യാഥാര്‍ത്ഥ്യബോധമുള്ളതാണെന്നതുമാണ്. ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ വഴി വ്യാപകമായ ലഭ്യതയാണ് മറ്റൊരു വിഷയം. ചില ബിസിനസുകള്‍ സെലിബ്രിറ്റി ലുക്ക് വരുന്ന സിലിക്കണ്‍ മാസ്‌ക്കുകള്‍ വരെ വില്‍ക്കുന്നു. ഫോട്ടോകള്‍, അളവുകള്‍, 3ഡി സ്‌കാനുകള്‍ എന്നിങ്ങനെ ഇടപാടുകാരന്‍ നല്‍കുന്ന എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയ ഏത് ഓര്‍ഡറും സ്വീകരിക്കും.