ഡൽഹി പൊലീസിനോട് വിചിത്രമായ ഒരു അഭ്യർത്ഥനയുമായി യുവാവ്. തനിക്കൊരു കാമുകിയെ തരപ്പെടുത്തിതരാമോ എന്നായിരുന്നു എക്സിലൂടെ യുവാവിന്റെ ചോദ്യം. എന്നാല്‍ യുവാവിന്റെ ഈ ആവശ്യത്തോടുള്ള ഡൽഹി പൊലീസിന്റെ മറുപടിയാണ് നിമിഷനേരം കൊണ്ടാണ് എക്സിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
പുകയില വിരുദ്ധദിനമായ ഇന്ന് ഡൽഹി പൊലീസ് ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കമന്റായാണ് ശിവം ഭരദ്വാജ് എന്ന യുവാവ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തിത്തരണമെന്ന അഭ്യർത്ഥന പോലീസിനോട് നടത്തിയത്. ‘എനിക്ക് ഒരു കാമുകിയെ വേണം. ലവറെ കണ്ടെത്താൻ നിങ്ങള്‍ എന്നെ സഹായിക്കണം. എപ്പോഴാണ് എനിക്ക് നിങ്ങളിൽ നിന്ന് തിരികെ സിഗ്നൽ ലഭിക്കുന്നത്’ ഇതായിരുന്നു യുവാവിന്റെ ചോദ്യം.
യുവാവിന്റ ചോദ്യത്തിന് അധികം വൈകാതെതന്നെ പൊലീസിന്റെ മറുപടി എത്തി. അതിങ്ങനെയായിരുന്നു. ‘സാർ, നിങ്ങളുടെ കാമുകിയെ കാണാതായിട്ടുണ്ടെങ്കിൽ മാത്രം ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾക്ക് പച്ച സിഗ്നൽ തന്നെ കിട്ടട്ടെ. ചുവപ്പ് ആകാതിരിക്കട്ടെ ‘ എന്നായിരുന്നു പൊലീസിന്റെ മറുപടി. ഈ റിപ്ലെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
തന്റെ പോസ്റ്റിലെ ‘സിഗ്നല്‍’ എന്ന വാക്കിലൂടെ ശിവം അർത്ഥമാക്കിയത് താൻ നിലവിൽ അവിവാഹിതനാണെന്നാണ്. സിംഗിൾ എന്ന വാക്ക് സിഗ്നൽ എന്ന് തെറ്റിപ്പോയതാണ്. അതിനെ ട്രോളിയാണ് പൊലീസ് നിങ്ങൾക്ക് പച്ച സിഗ്നൽ തന്നെ കിട്ടട്ടെ എന്ന് മറുപടി കൊടുത്തത്.
വിചിത്രമായ ഈ പോസ്റ്റിന് രസകരമായ കമന്റുകൾ കൊണ്ട് കമന്റ് ബോക്സും നിറഞ്ഞു. ഡൽഹി പൊലീസിന് എക്‌സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്.