വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്താം സെഞ്ചുറിയടിച്ച് നായകന് ശുഭ്മന്‍ ഗില്‍ (196 പന്തില്‍ രണ്ട് സിക്സറും 16 ഫോറുമടക്കം പുറത്താകാതെ 129). ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തശേഷമുള്ള ശുഭ്മന്‍ ഗില്‍ ഈ വര്‍ഷം കുറിക്കുന്ന അഞ്ചാം സെഞ്ചുറിയാണിത്.
ഒരു കലണ്ടര്‍ വര്‍ഷം നായകനായി അഞ്ചു സെഞ്ചുറികളെന്ന ഇന്ത്യയുടെ മുന്‍ നായകന് വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്താനും ഗില്ലിനായി. 2017 -18 സീസണിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി വേട്ട. നായകനായി 12 ഇന്നിങ്സുകളിലാണ് ഗില്‍ അഞ്ച് സെഞ്ചുറിയടിച്ചത്. എന്നാൽ, അതിവേഗം ഈ നേട്ടം കൈവരിക്കുന്ന റെക്കോഡ് ഗില്ലിനാണ്. താരം 12 ഇന്നിങ്സുകളിൽനിന്നാണ് അഞ്ചു സെഞ്ച്വറികളെന്ന നേട്ടത്തിലെത്തിയത്.
കോഹ്ലിക്ക് 18 ഇന്നിങ്സുകൾ വേണ്ടിവന്നു. 1997ൽ ക്യാപ്റ്റനായി ഇതിഹാസം സചിൻ തെണ്ടുൽക്കർ നാലു സെഞ്ച്വറികൾ നേടിയിരുന്നു. ലോക ക്രിക്കറ്റിൽ അതിവേഗം അഞ്ചു ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ താരവും ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടാമത്തെ താരവുമാണ്. അലിസ്റ്റർ കുക്ക് (ഒമ്പത് ഇന്നിങ്സ്), സുനിൽ ഗവാസ്കർ (10 ഇന്നിങ്സ്) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായശേഷം 933 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഗില്ലിന്റെ ശരാശരി 84.81 റണ്ണാണ്. ഡോണ്‍ ബ്രാഡ്മാന് മാത്രമാണു (101.51 റണ്‍) ഗില്ലിനു മുന്നിലുള്ളത്. ഏറ്റവും വേഗത്തില്‍ അഞ്ച് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ നായകന്മാരുടെ പട്ടികയില്‍ രണ്ടാമതെത്താനും ഗില്ലിനായി. മൂന്ന് തവണയാണ് ഇന്ത്യന്‍ നായകന്മാര് ഒരു കലണ്ടര്‍ വര്‍ഷം അഞ്ച് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയത്.




