Sports

ഇന്ത്യന്‍ടീമിന് ശക്തമായ താക്കീത് നല്‍കി ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ ഇരട്ടശതകവുമായി രഞ്ജിയില്‍

ഇന്ത്യയിലെ തകര്‍പ്പന്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ എന്നാണ് പേരെങ്കിലും സമീപകാലത്ത് തീരെ ഫോമാകാതെ വന്നത് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കുണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദം ചെറുതൊന്നുമായിരുന്നില്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിട്ടും സ്വന്തം ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ റീടെയ്ന്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്നതില്‍ ഒരു കാര്യം മോശം ഫോമായിരുന്നു.

എന്നാല്‍ എല്ലാറ്റിനും കൂടി രഞ്ജിട്രോഫിയില്‍ ഉജ്വലമായി മറുപടി പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച രഞ്ജി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ വെറും 201 പന്തില്‍ 200 റണ്‍സുമായി ശ്രേയസ് അയ്യര്‍ ഏഴുവര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമിട്ടത്. 2017 ലായിരുന്നു അദ്ദേഹം അവസാനമായി ഇരട്ടസെഞ്ച്വറി നേടിയത്. മുംബൈയ്ക്ക് വേണ്ടിയാണ് ഇത്തവണയും നേട്ടമുണ്ടാക്കിയത്.

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കിന് വീണതിനെത്തുടര്‍ന്ന് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ ശ്രേയസ് സിദ്ധേഷ് ലാഡുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കുകയും മുംബൈയെ ആധിപത്യത്തിലേക്ക് നയിക്കുകയും ചെയ്തു. ആക്രമണോത്സുകമായ 152 റണ്‍സില്‍ അയ്യര്‍ ബാറ്റ് ചെയ്യുകയും ലാഡ് നിയന്ത്രിത സ്‌കോറുമായി നങ്കൂരമിടുകയും ചെയ്തതോടെ, മുംബൈ ക്ലോസിങ്ങില്‍ 385/3 എന്ന കിടിലന്‍ സ്‌കോറില്‍ നിന്നു. 22 ബൗണ്ടറികളും എട്ട് സിക്സറുകളും അടിച്ചുകൂട്ടിയാണ് അയ്യര്‍ തന്റെ ഡബിള്‍ സെഞ്ച്വറി നേടിയത്.

ഈ ഇന്നിംഗ്സ് ദീര്‍ഘനാളായി കാത്തിരുന്ന ഒരു ഇരട്ട സെഞ്ച്വറി മാത്രമല്ല, സമീപകാലത്ത് മോശം ഫോമിന്റെ പേരില്‍ കേള്‍ക്കുന്ന പഴിയില്‍ നിന്നും തിരിച്ചുവരവ് നല്‍കുകയും ചെയ്തു. 2021ല്‍ കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ അവസാന ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയതിന് ശേഷം 38 ഇന്നിംഗ്സുകളില്‍ അദ്ദേഹത്തിന്റെ സെഞ്ച്വറി വരള്‍ച്ച നീണ്ടു. ആവര്‍ത്തിച്ചുള്ള പുറംവേദന ഈ വര്‍ഷം ആദ്യം നടന്ന ഇംഗ്ലണ്ട് പരമ്പര, ഇന്ത്യന്‍ ടീമിലെ സ്ഥാനം, കേന്ദ്രകരാര്‍ എന്നിവയും നഷ്ടപ്പെടുത്തി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ടീം ഇന്ത്യ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് അയ്യരുടെ ഇരട്ട സെഞ്ച്വറി. ഈയാഴ്ച ആദ്യം ന്യൂസിലന്‍ഡിന്റെ കൈകളില്‍ നിന്നും 0-3 തോല്‍വി നേരിട്ടു. ഇത് ബാറ്റിംഗ് ഓര്‍ഡറിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. വരാനിരിക്കുന്ന അഞ്ച്-ടെസ്റ്റ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലേക്ക് അയ്യര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും, നിര്‍ണായക പരമ്പരയില്‍ കളിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്.