Featured Sports

12 ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി ഷായ് ഹോപ്പ്, സച്ചിനും കോഹ്‌ലിക്കും കിട്ടാത്ത റെക്കോർഡ്

നേപിയര്‍: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കുമെതിരേ സെഞ്ചുറിയടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി വെസ്റ്റിന്‍ഡീസിന്റെ ഷായ് ഹോപിന്.

ന്യൂസിലന്‍ഡിനെതിരേ നേപിയറില്‍ നടന്ന ഏകദിനത്തില്‍ 109 റണ്ണെടുത്തതോടെയാണു വിന്‍ഡീസ് നായകന്‍ കൂടിയായ ഹോപ് പുതിയ ഉയരത്തിലെത്തിയത്. ടെസ്റ്റ് കളിക്കുന്ന 11 രാജ്യങ്ങള്‍ക്കെതിരേയും അംഗ രാജ്യങ്ങളായ ഹോളണ്ട്, നേപ്പാള്‍ എന്നിവര്‍ക്കെതിരേയും സെഞ്ചുറിയടിക്കാന്‍ ഹോപിനായി.

12 എതിരാളികള്‍ക്കെതിരേ സെഞ്ചുറിയടിച്ച വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്ല്‍, ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ എന്നിവരെയാണു ഹോപ് മറികടന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗാരി കിര്‍സ്റ്റന്‍, റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര, ഹാഷിം ആംല, ശിഖര്‍ ധവാന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, പോള്‍ സ്റ്റിര്‍ലിങ് എന്നിവര്‍ 11 രാജ്യങ്ങള്‍ക്കെതിരേ സെഞ്ചുറിയടിച്ചവരാണ്. ഹോപ് ഏകദിനത്തില്‍ 12 രാജ്യങ്ങള്‍ക്കെതിരേ സെഞ്ചുറിയടിച്ച റെക്കോഡും സ്വന്തമാക്കി.

സച്ചിന്‍, പോണ്ടിങ്, ഗെയ്ല്‍, ആംല, ഗുപ്റ്റില്‍ എന്നിവരുടെ റെക്കോഡാണു ഹോപ് മറികടന്നത്. ന്യൂസിലന്‍ഡിനെതിരേ മൂന്നക്കം കടന്നതോടെ ഹോപ് ഏകദിനത്തില്‍ പത്താമത്തെ എതിരാളിക്കെതിരേയാണു സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 12 ഏകദിന സെഞ്ചുറികള്‍ വീതമുള്ള ശ്രീലങ്കയുടെ സനത് ജയസൂര്യയും സച്ചിനും മാത്രമാണു ഹോപിനു മുന്നിലുള്ളത്. ഗെയ്‌ലും വിരാട് കോഹ്‌ലിയും 10 എതിരാളികള്‍ക്കെതിരേ സെഞ്ചുറിയടിച്ച പട്ടികയില്‍ നേരത്തെ തന്നെയുണ്ട്.

ഏകദിനത്തില്‍ 142 ഇന്നിങ്‌സുകളിലായി 6000 റണ്‍ തികയ്ക്കാനും വിന്‍ഡീസ് നായകനായി. ഇതിഹാസ താരം വിവ് റിച്ചാഡ്‌സണിന്റെ 141 ഇന്നിങ്‌സുകളില്‍ 6000 എന്ന വിന്‍ഡീസ് റെക്കോഡിനു മാത്രം പിന്നിലാണു ഹോപ്. വിക്കറ്റ് കീപ്പര്‍ കൂടിയായ ഹോപ് ഇതുവരെ 43 ടെസ്റ്റുകളും 147 ഏകദിനങ്ങളും 58 ട്വന്റി20 കളും കളിച്ചു. ടെസ്റ്റില്‍ 25.37 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 2005 റണ്ണെടുത്തു. 69 ക്യാച്ചുകളും ഒരു സ്റ്റമ്പിങും കൂടെയുണ്ട്.

ഏകദിനത്തില്‍ 50.80 ശരാശരിയുള്ള ഹോപ് 19 സെഞ്ചുറികളും 30 അര്‍ധ സെഞ്ചുറികളുമടക്കം 6097 റണ്ണെടുത്തു. 152 ക്യാച്ചുകളും 15 സ്റ്റമ്പിങുകളും കുറിച്ചു. ട്വന്റി20 യില്‍ 29.22 ശരാശരിയില്‍ ഒരു സെഞ്ചുറിയും ഒന്‍പത് അര്‍ധ സെഞ്ചുറികളുമടക്കം 1403 റണ്ണുണ്ട്. കൂടാതെ 24 ക്യാച്ചുകളും ഒരു സ്റ്റമ്പിങുകളും ഹോപിന്റെ പേരിലുണ്ട്.

ഹോപ് സെഞ്ചുറിയടിച്ചെങ്കിലും വെസ്റ്റിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനു തോറ്റു. മഴ മൂലം 34 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് കളി തീരാന്‍ മൂന്ന് പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. നായകന്‍ മിച്ചല്‍ സാന്റ്‌നറും (15 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 34) ടോം ലാതവും (29 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 39) ചേര്‍ന്നാണു ന്യൂസിലന്‍ഡിന് ആവേശ ജയം സമ്മാനിച്ചത്. അതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0 ത്തിന് ഉറപ്പാക്കാന്‍ ന്യൂസിലന്‍ഡിനായി.