Celebrity

അനുഷ്‌ക ശര്‍മ്മ വീണ്ടും ഗര്‍ഭിണി? അച്ഛനാകാനൊരുങ്ങി വിരാട്?

നടി അനുഷ്‌ക ശര്‍മയ്ക്ക് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ശര്‍മ്മ തന്റെ ഗര്‍ഭകാലത്തിന്റെ രണ്ടാം ട്രൈമാസ്റ്ററിലാണ് എന്ന് ( 4-6 മാസം) ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പിന്നീട് വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ അനുഷ്‌കയ്ക്കും വിരാടിനും വാമിക എന്ന ഒരു മകളുണ്ട്. 2021 ജനുവരിയിലായിരുന്നു വാമിക ജനിച്ചത്.

കുറച്ചു നാളുകളായി അനുഷ്‌കയെ മുംബൈയില്‍ നടക്കുന്ന പരിപാടികള്‍ക്ക് കാണാത്തതിന്റെ കാരണമായി പലരും ഈ വിവരം ചൂണ്ടിക്കാണിക്കുന്നു. എല്ലായിപ്പോഴും കോഹ്ലിക്കൊപ്പം യാത്ര ചെയ്യുകയും കോഹ്ലിക്ക് അകമഴിഞ്ഞ് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്ന അനുഷ്‌ക ശര്‍മ്മ കുറച്ചു നാളുകളായി വിരാടിന്റെ ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാത്തതിന് കാരണം ഇവരുടെ ഗര്‍ഭകാലമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദമ്പതികളെ അടുത്തിടെ ഒരു പ്രസവ ക്ലിനിക്കില്‍ കണ്ടതായും ചിലര്‍ പറയുന്നു. തങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്നും ഔദ്യോഗിക പ്രഖ്യാപനം വരും എന്നും അന്നു ചിത്രങ്ങള്‍ എടുത്തവരോട് ദമ്പതികള്‍ പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. മകളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പൊതുസ്ഥലത്ത് മകളെ കൊണ്ടുവരുന്നതിലും ഇരുവരും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. വാമികയുടെ ചിത്രങ്ങള്‍ ദമ്പതികള്‍ പ്രസിദ്ധീകരിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.

മകള്‍ സ്വയം തീരുമാനിക്കുംവരെ മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണിക്കരുത് എന്ന ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് മുമ്പ് ഒരിക്കല്‍ ഇതേക്കുറിച്ച് കോഹ്ലി പറഞ്ഞിരുന്നു. 2017-ല്‍ ഇറ്റലിയില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും വിവാഹിതരായത്. വാമിക ജനിച്ചതിന് ശേഷമുള്ള അനുഷ്‌കയുടെ ആദ്യത്തെ പ്രോജക്ട് ചക്‌ദേ എക്‌സ്പ്രസിന്റെ ഷൂട്ടിങ്ങ് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. മകള്‍ ജനിച്ച ശേഷം ഒരു വ്യക്തിയെന്ന നിലയില്‍ തന്റെ ആത്മവിശ്വാസം വര്‍ധിച്ചു എന്ന് അനുഷ്‌ക പറയുന്നു.