Featured Good News

38 വർഷത്തെ കരിയറിലെ അവസാനത്തെ മണി മുഴക്കി ‘ദാസ് അങ്കിൾ’; ആ നിമിഷം അവിസ്മരണീയമാക്കി വിദ്യാര്‍ഥികള്‍- വൈറലായി വീഡിയോ

38 വർഷത്തെ സേവനത്തിന് ശേഷം ഒരു സ്കൂൾ പ്യൂൺ അവസാനമായി മണി മുഴക്കുന്ന ഹൃദയസ്പർശിയായ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി. സാധാരണമെന്ന് തോന്നാം, എന്നാല്‍ ദാസ് അങ്കിള്‍ എന്ന് കുട്ടികള്‍ വിളിക്കുന്ന ബെംഗളൂരുവിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂളില്‍ നിന്നുള്ള ഈ പ്യൂണിന്റെ ജീവിതത്തിലെ സുപ്രധാനമായൊരു കാര്യത്തെ അവിസ്മരണീയമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

തന്റെ കരിയറിലെ അവസാനത്തെ ബെല്ലടിക്കാന്‍ തയ്യാറായി നില്‍ക്കവെ ചുറ്റിലും നിന്ന് കൗണ്ട് ഡൗണ്‍ നടത്തുകയാണ് വിദ്യാര്‍ഥികള്‍. പ്യൂണ്‍ ബെല്ലടിക്കാന്‍ തുടങ്ങിയതോടെ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആ പ്രവൃത്തി ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വികാരങ്ങളുടെ സമ്മിശ്രഭാവവും ഒരു പുഞ്ചിരിയും ദൃശ്യമായിരുന്നു.

@amikutty_ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ക്ലിപ്പിന് 32 ദശലക്ഷത്തിലധികം കാഴ്ചകൾ ലഭിച്ചു. 38 വര്‍ഷം കോട്ടണ്‍സിലെ ഓരോ പ്രഭാതത്തെയും ഓരോ ഓര്‍മയെയും അടയാളപ്പെടുത്തിയ ദാസ് അങ്കിള്‍ അവസാനത്തെ മണി മുഴക്കി. അദ്ദേഹത്തിന്റെ പുഞ്ചിരി, നിശബ്ദമായ സമര്‍പ്പണം, ആ സാന്നിധ്യം എല്ലാം സ്‌കൂളിന്റെ ഹൃദയമിടിപ്പിന്റെ ഭാഗമായിരുന്നു. ഇന്ന് ദാസ് അങ്കിള്‍ അവസാനത്തെ മണി മുഴക്കുമ്പോള്‍ അദ്ദേഹത്തിനായി നമുക്ക് ആഘോഷിക്കാം എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒട്ടേറെപ്പേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. ഇതില്‍ പലരും തങ്ങളുടെ സ്‌കൂള്‍ കാലത്തെ ആരും ശ്രദ്ധിക്കാത്ത നായകന്മാരെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഓര്‍മകള്‍ പങ്കുവെച്ചു. പ്യൂണ്‍, ഗാര്‍ഡ് തുടങ്ങിയവരുടെ നിശബ്ദമായ അര്‍പ്പണബോധം എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് അവര്‍ കുറിച്ചു. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവരുടെ ലളിതമായ സേവനങ്ങള്‍, പലര്‍ക്കും കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓര്‍മയായിരുന്നു.

ദാസ് അങ്കിളിന്റെ മകനും വികാരനിര്‍ഭരമായ ഒരു കമന്റ് പങ്കുവെച്ചിട്ടുണ്ട്. തന്റെ അച്ഛന്‍ പതിറ്റാണ്ടുകളായി ‘സ്‌കൂളിന്റെ ഹൃദയമിടിപ്പ്’ ആയിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ‘അദ്ദേഹം അടിച്ച ഓരോ ബെല്ലും ഒരു വാഗ്ദാനമായിരുന്നു- സമയം സുരക്ഷിതമായി കടന്നുപോകുമെന്നും, മാറ്റങ്ങള്‍ കൃത്യസമയത്ത് വരുമെന്നും, ഉത്തരവാദിത്തമുള്ള ഒരാള്‍ എപ്പോഴും ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നുമുള്ള ഒരു സൂചന. അദ്ദേഹം സമയം രേഖപ്പെടുത്തുക മാത്രമല്ല ചെയ്തത്; മറ്റുള്ളവര്‍ക്ക് ഒരു ഉറപ്പ് നല്‍കുന്നതിനായി അദ്ദേഹം സ്വന്തം സമയം ത്യജിച്ചു. ഇപ്പോള്‍ അദ്ദേഹത്തിനായി അവസാന ബെല്‍ മുഴങ്ങിയിരിക്കുന്നു, ഇത് അദ്ദേഹത്തിന് അര്‍ഹമായ വിശ്രമത്തിനുള്ള സമയമാണ്. അച്ഛനെ ഒരുപാട് സ്‌നേഹിക്കുന്നു,’ മകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ തിരിച്ചറിയുന്നു, ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ദാസ് അങ്കിളുമാര്‍ ആരും കാണാതെ, ശ്രദ്ധിക്കാതെ, പ്രശംസിക്കാതെ തങ്ങളുടെ അവസാന ബെല്ലുകള്‍ അടിച്ചു. അഭിനന്ദനങ്ങള്‍, നിങ്ങള്‍ തീര്‍ച്ചയായും ഭാഗ്യവാനാണ്. ഈ ദിവസം അദ്ദേഹത്തിന് ഇത്രയധികം സവിശേഷമാക്കിയതിന് സ്‌കൂള്‍ മാനേജ്‌മെന്റിനും എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും നന്ദി!’, മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.

മറ്റൊരാൾ കൂട്ടിച്ചേർത്തു: “ഞാൻ കരയുകയാണ്. ഈ വീഡിയോ ഞങ്ങളുടെ കുടുംബാംഗത്തെപ്പോലെയായിരുന്ന സ്കൂളിലെ പ്യൂണിനെ ഓർമ്മിപ്പിച്ചു.”
ഒരു ഉപയോക്താവ് ഇങ്ങനെ പറഞ്ഞു: “ഒറ്റ മണിനാദത്തിൽ ഇത്രയധികം വികാരം. എത്ര മനോഹരമായ യാത്രയയപ്പ്.” മറ്റൊരാൾ എഴുതി: