Crime Featured

ഒറ്റദിവസം സൗദി നടപ്പാക്കിയത്‌ 8 പേരുടെ വധശിക്ഷ, ഈ വര്‍ഷം ഇതുവരെ 230 എണ്ണം, ഭൂരിപക്ഷവും മയക്കുമരുന്ന്‌ കേസുകള്‍

ഒറ്റദിവസം എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മയക്കുമരുന്നു കുറ്റകൃത്യങ്ങളുടെ പേരില്‍ ഏഴുവിദേശികളുടെയും മാതാവിനെ വധിച്ച കേസില്‍ സൗദി പൗരന്റെയും ശിക്ഷയാണു കഴിഞ്ഞ രണ്ടിനു നടപ്പാക്കിയത്‌. ഇതോടെ ഈവര്‍ഷം സൗദിയില്‍ വധശിക്ഷയ്‌ക്കു വിധേയരാക്കിയവരുടെ എണ്ണം 230 ആയി.

രാജ്യത്തേക്കു ഹാഷിഷ്‌ കടത്തിയതിന്‌ നാലു സോമാലിയക്കാരുടെയും മൂന്ന്‌ എത്യോപ്യക്കാരുടെയും വധശിക്ഷ തെക്കന്‍ മേഖലയായ നജ്‌റാനിലാണു നടപ്പാക്കിയത്‌. മയക്കുമരുന്ന്‌ കടത്ത്‌ വ്യാപകമായ സാഹചര്യത്തിലാണു ശിക്ഷാനടപടികളും കടുപ്പിച്ചതെന്ന്‌ ഭരണാധികാരികളെ ഉദ്ധരിച്ച്‌ സൗദി പ്രസ്‌ ഏജന്‍സി (എസ്‌.പി.എ) അറിയിച്ചു. വധശിക്ഷയ്‌ക്കെതിരേ രാജ്യാന്തര മുറവിളി ശക്‌തമാകുന്നതിനിടെയാണ്‌ അതൊന്നും വകവയ്‌ക്കാതെ ശിക്ഷാവിധി നടപ്പാക്കിയത്‌.

ഈവര്‍ഷം ഇതുവരെ പരമാവധി ശിക്ഷ ഏറ്റുവാങ്ങിയവരില്‍ ബഹുഭൂരിപക്ഷവും മയക്കുമരുന്ന്‌ അനുബന്ധ കേസുകളില്‍പ്പെട്ടവരാണ്‌; 154 പേര്‍. കഴിഞ്ഞവര്‍ഷം വിവിധ കേസുകളിലായി 338 പേരുടെ വധശിക്ഷയാണു സൗദി അറേബ്യ നടപ്പാക്കിയത്‌. മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മയക്കുമരുന്ന്‌ കേസുകളില്‍ 2022-ലാണ്‌ വധശിക്ഷ പുനഃസ്‌ഥാപിച്ചത്‌. ആ വര്‍ഷം 19 പേരുടെയും 2023-ല്‍ രണ്ടുപേരുടെയും ശിക്ഷ നടപ്പാക്കി. 2024-ല്‍ ഇത്‌ 117 ആയി ഉയര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ കണക്കുനിരത്തുന്നു.

സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്കെതിരേ കഴിഞ്ഞമാസം അവസാനവാരം മുതല്‍ നടപടികള്‍ ശക്‌തമാക്കിയിട്ടുണ്ട്‌. ജൂലൈ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 22,147 പേരെ കസ്‌റ്റഡിയിലെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താമസ, തൊഴില്‍, അതിര്‍ത്തിനിയന്ത്രണങ്ങള്‍ എന്നിവയുടെ ലംഘനം ആരോപിച്ചാണ്‌ നടപടി. താമസവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ അറസ്‌റ്റിലായത്‌; 13,835 പേര്‍. അതിര്‍ത്തി സുരക്ഷാ ലംഘനത്തിന്‌ 4,772 പേരും തൊഴില്‍ നിയമ ലംഘനത്തിന്‌ 3,540 പേരും അറസ്‌റ്റിലായി.