Featured Sports

സ്വന്തം നാട്ടുകാരുടെ മുമ്പില്‍ സഞ്ജു ബെഞ്ചില്‍! ഒഴിവാക്കാന്‍ ഒറ്റ വഴി മാത്രം ; മൂന്നാം ട്വന്റി20 ഇന്ന്

ഗുവാഹാത്തി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലാണ്. ജയം തുടര്‍ന്നാല്‍ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. ബര്‍സാപാരയില്‍ റണ്ണൊഴുകും പിച്ചാണ്. നാല് വര്‍ഷം മുമ്പ് നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 16 റണ്ണിനു തോല്‍പ്പിച്ചിരുന്നു.

ന്യൂസീലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസൺ കടുത്ത സമ്മർദത്തിലാണ്. ആദ്യ മത്സരത്തിൽ 10 റൺസെടുത്ത് പുറത്തായ സഞ്ജുവിന് രണ്ടാം മത്സരത്തിൽ വെറും ആറു റൺസ് മാത്രമാണ് നേടാനായത്. ടീമിന് ആവശ്യമായ ഘട്ടത്തിൽ രണ്ടു മത്സരങ്ങളിലും താരത്തിന് കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എന്നാൽ രണ്ടാം മത്സരത്തിൽ വൺഡൗണായെത്തിയ ഇഷാൻ കിഷൻ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ അടുത്ത മത്സരത്തിൽ സഞ്ജുവിന് മേൽ സമ്മർദം ഇരട്ടിക്കും. അടുത്ത മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ഒരു പക്ഷേ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തി ഇഷാൻ കിഷന് ടീം മാനേജ്‌മെന്റ് അവസരം നൽകിയേക്കും.

റണ്ണെടുക്കാനായാല്‍ അദ്ദഹത്തിനു തുടരാം. മറിച്ചാണെങ്കില്‍ വിശാഖപട്ടണത്തെയും തിരുവനന്തപുരത്തെയും അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ കളിക്കുന്നത് ഇഷാന്‍ കിഷനാണ് സാദ്ധ്യത.

മത്സരത്തിന് അനുകൂലമായ കാലാവസ്ഥയുമാണ്. രണ്ടാം മത്സരത്തില്‍ കളിപ്പിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ ഇന്നു കളിപ്പിച്ചേക്കാം. അക്ഷര്‍ പട്ടേല്‍ കായിക ക്ഷമത വീണ്ടെടുത്താല്‍ കുല്‍ദീപ് യാദവിനു പകരം കളിക്കും. ന്യൂസിലന്‍ഡ് സാക് ഫോക്‌സിനു പകരം ജിമ്മി നീഷാമിനെ കളിപ്പിച്ചേക്കാം. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല.

നായകന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്കു മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസമായി റായ്പുരില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് (37 പന്തില്‍ നാല് സിക്‌സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 82) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. ഇന്ത്യക്ക് ഓപ്പണര്‍മാരായ സഞ്ജു സാംസണിനെയും (അഞ്ച് പന്തില്‍ ഒരു സിക്‌സറടക്കം ആറ്) അഭിഷേക് ശര്‍മയെയും (0) നഷ്ടപ്പെട്ടെങ്കിലും ഇഷാന്‍ കിഷനും (32 പന്തില്‍ നാല് സിക്‌സറും 11 ഫോറുമടക്കം 76) സൂര്യകുമാറും ചേര്‍ന്നാണ് ടീമിനെ തിരിച്ചു കൊണ്ടുവന്നത്. സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇഷാന്‍ മടങ്ങിയത്. 23 ഇന്നിങ്‌സുകള്‍ക്കു ശേഷമായിരുന്നു നായകന്‍ ഒരു അര്‍ധ സെഞ്ചുറിയടിക്കുന്നത്.

സാധ്യതാ ടീം: ഇന്ത്യ – അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (നായകന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ഹര്‍ഷിത് റാണ/ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്/ അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.
സാധ്യതാ ടീം: ന്യൂസിലന്‍ഡ്- ടിം സീഫര്‍ട്ട്, ഡെവണ്‍ കോണ്‍വേ, റാചിന്‍ രവീന്ദ്ര, ഗ്ളെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍ (നായകന്‍), ജിമ്മി നിഷാം, മാറ്റ് ഹെന്റി, ജേക്കബ് ഡഫി, ഇഷ് സോധി.