ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന ഡയലോഗുകളുമായാണ് സലിംകുമാറിന്റെ ഓരോ സിനിമകളും പ്രേക്ഷകരുടെ മുമ്പിലെത്തിയത് . കടുത്ത പിരിമുറുക്കത്തിനിടയിലും അന്തരീക്ഷം ഒന്നു ശാന്തമാക്കാൻ മലയാളി ഇപ്പോഴും സലിംകുമാറിന്റെ ഡയലോഗുകൾ എടുത്തുപ്രയോഗിക്കാറുണ്ട്.
‘ഇത്രയും ഫേമസായ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡത്തെണ്ടീ’ എന്ന ഡയലോഗ് എന്നും സൗഹൃദസംഭാഷത്തില്‍ പലരും ഉപയോഗിക്കാറുണ്ട്. ഏത് പരിപാടിയും ഭംഗിയായി തീരുമ്പോൾ നമ്മളിപ്പോഴും നന്ദി പറയാൻ ഉപയോഗിക്കുന്നത് ‘പുലിവാൽ കല്യാണം’ സിനിമയിലെ സലിംകുമാറിന്റെ വാക്കുകളാണ്. ‘കേരള ഫയർഫോഴ്സിനും ഇവിടുത്തെ നാട്ടുകാർക്കും, മണവാളൻ ആൻഡ് സൺസിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തുന്നു’ എന്ന് പറയുമ്പോഴേക്കും കേൾക്കുന്നവരുടെ മുഖത്തെല്ലാം ചിരി നിറയുന്നത് സ്വാഭാവികം മാത്രമാണ്.
ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും എടുത്തു കഴിക്കുമ്പോൾ ‘കുഞ്ഞിക്കൂനൻ’ സിനിമയിലെ ‘എനിക്ക് വിശപ്പിന്റെ അസുഖം ഉണ്ടേ’ എന്ന ഡയലോഗും മലയാളിയുടെ നാവിൻതുമ്പിലെത്താറുണ്ട്. കൂട്ടുകാർക്കിടയിൽ കുറച്ചു ജാഡയിറക്കാൻ വേണ്ടി ‘നിങ്ങൾക്ക് ആവശ്യമുള്ളത് പണമാണ്, എന്റെ കയ്യിൽ ആവശ്യത്തിൽ കൂടുതലുള്ളതും പണമാണ്’ എന്ന് പറയാനും നമ്മൾ മടിക്കാറില്ല. വേനൽക്കാലത്ത് നല്ല ചൂടേറ്റ് ബുദ്ധിമുട്ടുമ്പോൾ കയ്യിൽ കിട്ടിയതെടുത്ത് വീശിക്കൊണ്ട് ‘ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ’ എന്ന് പറയാത്തവരായി ആരുമുണ്ടാകില്ല.
ഇതെന്ത് മറിമായം? എനിക്ക് ഭ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്തായോ എന്ന ‘ധിധക്കെ എന്ത്’ എന്ന മായാവിയിലെ ഡയലോഗും, ‘സവാള ഗിരിഗിരി’യുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ‘കണ്ടാലൊരു ലുക്കില്ലെന്നേയുള്ളൂ, ഒടുക്കത്തെ ബുദ്ധിയാ’ എന്ന് മറ്റുള്ളവരെക്കുറിച്ച് പറയാത്തവരും ചുരുക്കമാണ്. ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിൽ, ‘ഞങ്ങള് പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛൻ ഗുണ്ട, അമ്മാവൻ ഗുണ്ട, അപ്പൂപ്പൻ ഗുണ്ട.. എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടി ആയിരുന്നെടാ ഗുണ്ടി’ എന്ന് സലിംകുമാർ ഗൗരവത്തിൽ പറയുന്ന രംഗം കണ്ട് മലയാളി ഒത്തിരി ചിരിച്ചുമറിഞ്ഞിട്ടുണ്ട്.




