ഇംഗ്‌ളണ്ടിനെതിരേ രണ്ട് മത്സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇംഗ്‌ളണ്ടിലുണ്ടാകും. ഇംഗ്‌ളീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ വേണ്ടിയാണ് താരം ഇംഗ്‌ളണ്ടിലേക്ക് എത്തുന്നത്്. യോര്‍ക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ താരം ഒപ്പുവെച്ചു.
ജൂലായ് 22 മുതല്‍ നോര്‍ത്ത് മറൈന്‍ റോഡ് ഗ്രൗണ്ടില്‍ സറേയ്ക്കെതിരായ പോരാട്ടത്തോടെ യോര്‍ക്ക്‌ഷെയറിനായി റുതുരാജ് അഞ്ച് കൗണ്ടി മത്സരങ്ങള്‍ കളിക്കും. 28 കാരനായ താരം ആഗസ്ത് 5 ന് ആരംഭിച്ച് സെപ്റ്റംബര്‍ 20 ന് അവസാനിക്കുന്ന മുഴുവന്‍ മത്സരങ്ങളും കളിക്കും. ഈ സീസണിലുടനീളം റുതുരാജ് ടീമിനൊപ്പം തുടരുമെന്നാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1992), യുവരാജ് സിംഗ് (2003), ചേതേശ്വര് പൂജാര (2015, 2018) എന്നിവര്‍ക്ക് ശേഷം ചരിത്രത്തില്‍ യോര്‍ക്ക്‌ഷെയറിന് വേണ്ടി കളിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് റുതുരാജ്. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ ക്ലബ്ബിന് വേണ്ടി കളിച്ച ആദ്യ വിദേശ താരമായിരുന്നു സച്ചിന്‍. യോര്‍ക്ക്‌ഷെയര്‍ തരംതാഴ്ത്തലുമായി പോരാടുന്ന സുപ്രധാന സമയത്താണ് റുതുരാജിന്റെ സൈനിംഗ്.
ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമാണ് യോര്‍ക്ക്ഷയര്‍. നിലവില്‍ 59 പോയിന്റുമായി ഡിവിഷന്‍ 1ല്‍ ഒമ്പതാം സ്ഥാനത്താണ് ടീം. 33 തവണ ചാമ്പ്യന്മാരായ ടീം കഴിഞ്ഞ സീസണിലാണ് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയത്. അവര്‍ വീണ്ടും താഴേക്ക് പോകില്ലെന്ന് ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. യോര്‍ക്ക്‌ഷെയര്‍ രണ്ട് ഫോര്‍മാറ്റുകളിലും സീസണ്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാക്കുക മാത്രമല്ല ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവിനുള്ള സാഹചര്യം കൂടിയാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിംബാബ്വെയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിനായി കളിച്ചിട്ടില്ല. അദ്ദേഹം രണ്ട് തവണ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും, ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ അദ്ദേഹം ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. മെന്‍ ഇന്‍ ബ്ലൂവിന് വേണ്ടി ആറ് ഏകദിനങ്ങളും 23 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.




