ലോകം മുഴൂവന്‍ ശ്രദ്ധിച്ച ട്രംപ് – പുടിന്‍ അലാസ്‌ക്ക കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങാന്‍ പുടിന്‍ തന്റെ മൂന്ന് വിമാനങ്ങള്‍ക്ക് ഇന്ധനമടിക്കാന്‍ പണമായി നല്‍കേണ്ടിവന്നത് ഏകദേശം 250,000 ഡോളര്‍ (ഏകദേശം 2.2 കോടി രൂപ). സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്ക റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഇതിന് കാരണം.
ഉപരോധങ്ങള്‍ കാരണം അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിന് വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കേണ്ടിവന്നുവെന്ന് റൂബിയോ വിശദീകരിച്ചു. ട്രംപ് അധികാരമേറ്റ ദിവസം നിലവിലുണ്ടായിരുന്ന എല്ലാ ഉപരോധങ്ങളും ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിമാനങ്ങള്‍ക്ക് റെഡി ക്യാഷ് നല്‍കി ഇന്ധനമടിക്കേണ്ട സ്ഥിതി പുടിന് വന്നത്. ഓഗസ്റ്റ് 15-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി പുടിന്‍ അലാസ്‌കയില്‍ എത്തിയപ്പോള്‍ വലിയ സ്വീകരണം ലഭിച്ചെങ്കിലും ഇന്ധനത്തിന് പണം നല്‍കേണ്ടി വന്നു. റഷ്യന്‍ ബാങ്കിംഗ് സംവിധാനം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുടിന്‍ പണമായി തന്നെ നല്‍കേണ്ടിയും വന്നു.
പുടിന്റെ സംഘം അഞ്ച് മണിക്കൂറോളം അലാസ്‌കയില്‍ തങ്ങി, സംയുക്ത വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ മടങ്ങുകയും ചെയ്തു. ഏകദേശം മൂന്ന് മണിക്കൂര്‍ മാത്രമായിരുന്നു കൂടിക്കാഴ്ച നീണ്ടു നിന്നതും. റഷ്യ ഇതിനകം തന്നെ കടുത്ത ഉപരോധങ്ങളിലാണെന്നും, അത് വെടിനിര്‍ത്തല്‍ നിരസിക്കുന്നതിനുള്ള പ്രത്യാഘാതങ്ങളായി പ്രവര്‍ത്തിക്കുമെന്നും റൂബിയോ വിശദീകരിച്ചു.




