Sports

പാകിസ്താനെതിരേ വിജയിക്കണം; 78 റണ്‍സ് നേടിയാല്‍ രോഹിത് ഗാംഗുലിയെ പൊട്ടിക്കും

ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ അഭിമാനപോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് ഞായറാഴ്ച ഇരിക്കുന്നത് ഒരു വമ്പന്‍ നാഴികക്കല്ല്. ഞായറാഴ്ച പല്ലേക്കലേയില്‍ പാക്കിസ്ഥാനെതിരെ 78 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറും.

വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്നവരുടെ പട്ടികയില്‍ മൂന്നാമനാകാനുള്ള അവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. രോഹിത്തിന്റെ സഹതാരം വിരാട് കോഹ്ലി ഒന്നാമത് നില്‍ക്കുന്ന പട്ടികയില്‍ മുന്‍ നായകന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഞായറാഴ്ച തന്നെ 78 റണ്‍സ് എടുത്താല്‍ രോഹിതിന് സൗരവ് ഗാംഗുലിയെ മറികടന്ന് മൂന്നാമനാകാനും കഴിയും.

വെറും 205 ഏകദിനങ്ങളില്‍ നിന്നുമാണ് വിരാട് കോഹ്ലി 10,000 റണ്‍സ് നേടിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 259 കളികള്‍ എടുത്തപ്പോള്‍ ഗാംഗുലിക്ക് 263 ഏകദിനമാണ് വേണ്ടി വന്നത്. അതേസമയം പാകിസ്താനെതിരേ ഏറ്റവും മികച്ച സ്‌കോറുള്ള താരമാണ് രോഹിത്. പാകിസ്താനെതിരേ ഇന്ത്യന്‍ നായകന്‍ 731 റണ്‍സ് നേടിയിട്ടുണ്ട്. 2013 ന് ശേഷം പാകിസ്താനെതിരേ അഞ്ച് അര്‍ദ്ധശതകം താരത്തിനുണ്ട്.