വലിയ അധ്വാനമില്ലാത്ത ജോലിയും നിറയെ പണവും ഉണ്ടെങ്കില്‍ വളരെയധികം സന്തോഷം ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് പലരുടേയും ചിന്താഗതി. എന്നാല്‍ ഇത് അത്ര ശരിയായ ചിന്താഗതിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ച അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്.
മാസം ഒരാഴ്ച മാത്രമാണ് യുവാവിന് ജോലി ഉള്ളത്. ഒരു മാസത്തെ ജോലി ഒരാഴ്ച കൊണ്ട് തീര്‍ക്കും. വാര്‍ഷിക വരുമാനമായി നേടുന്നത് 80,000 ഡോളറാണെന്നും യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഏതാണ്ട് 66 ലക്ഷം ഇന്ത്യന്‍ രൂപ വരും. എന്നാല്‍ ഇത്രയും പണം കിട്ടിയിട്ടും തനിക്ക് ഇപ്പോഴും സന്തോഷം കണ്ടെത്താനായിട്ടില്ലെന്നും സംതൃപ്തനല്ലെന്നുമാണ് യുവാവ് പറയുന്നത്. എല്ലാവരും സ്വപ്നം കാണുന്ന ഒരു ജീവിതമാണെന്ന് തോന്നും. ഇങ്ങനെയൊരു തൊഴില്‍-ജീവിത സന്തുലിതാവസ്ഥയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ ജീവിതത്തില്‍ താന്‍ അതൃപ്തനാണെന്ന് യുവാവ് പറയുന്നു.
ഒരാഴ്ച ജോലി ചെയ്താല്‍ ബാക്കിയുള്ള ദിവസങ്ങള്‍ ടിവി കാണാനും പോഡ്കാസ്റ്റ് കേള്‍ക്കാനും ഇന്റര്‍നെറ്റിലുമായാണ് ചെലവഴിക്കുന്നതെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്. താല്‍പ്പര്യമുള്ള വിഷയങ്ങളെ കുറിച്ചും ആഴത്തില്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോറടിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. നിശബ്ദമായി ജോലി ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ജോലികള്‍ മാത്രമാണ് ചെയ്യുന്നത്. ഈ പദം തന്നെ ശരിയല്ലെന്നും ‘നിശബ്ദമായ നീറ്റല്‍’ പോലെയാണിതെന്നും യുവാവ് കുറിച്ചു. യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.